ആരാധകർ ഏറെയുള്ള താരദമ്പതികളാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും. മാൾട്ടി മേരി എന്ന മകളും ഇവർക്കുണ്ട്. പ്രായത്തിൽ ഇരുവരും തമ്മിൽ പത്തു വയസ്സ് വ്യത്യാസമാണുള്ളത്. അതുകൊണ്ട് തന്നെ വിവാഹ സമയത്തു നിരവധി വിമർശനങ്ങളാണ് പ്രായത്തിന്റെ പേരിൽ ഇരുവർക്കും നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിക്ക് ജോനാസ്. നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം ആർഭാടം കൊണ്ട് അതിരു കടന്നതിൽ ഖേദിക്കുന്നുവെന്ന് തുറന്നുപറഞ്ഞു ഗായകൻ നിക്ക് ജോനാസ്.
പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചിലവായെന്നും വിവാഹത്തിന്റെ ബില്ല് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയെന്നും നിക്ക് വെളിപ്പെടുത്തുന്നു. അടുത്തിടെ സഹോദരങ്ങളായ കെവിൻ ജൊനാസിനും, ജോ ജൊനാസിനുമൊപ്പം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു നിക്കിന്റെ പ്രതികരണം.
തമാശ രൂപേണയാണ് ഗായകൻ ഇക്കാര്യം തുറന്നു പറഞ്ഞത്. നിക്കിന്റെ ഇത്തരത്തിലുള്ള പ്രതികരണം ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
പ്രിയങ്ക ചോപ്രയുമായുള്ള വിവാഹ സമയത്ത് തനിക്ക് വിഷമാവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സാംസ്കാരികമായി ഏറെ വ്യതാസങ്ങളുള്ളതുകൊണ്ടുതന്നെ വിവാഹം തന്നെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നുവെന്നും മുൻപ് നിക് ജൊനാസ് വെളിപ്പെടുത്തിയിട്ടുണ്ട്.
‘ഇന്ത്യൻ വിവാഹങ്ങളിൽ വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളിൽ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ഒരു ചടങ്ങ് സാധാരണയായി നടക്കാറുണ്ട്. ആരാണ് ആദ്യം ഹാരം അണിയിക്കുന്നതെന്നു നോക്കി എല്ലാവരും ചുറ്റും നിൽപ്പുണ്ടാകും.
ഇരുകൂട്ടരും മത്സരബുദ്ധിയോടെയാണ് അത് ചെയ്യുന്നത്. ഞാനും പ്രിയയും ആദ്യം അണിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബമാണ് വളരെ പ്രബലമെന്ന് മറ്റുള്ളവർ വിലയിരുത്തും. ഇന്ത്യ വിവാഹരീതികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു തന്നെ എനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാൽ അതിൽ നിന്നു പിന്മാറുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചതേയില്ല എന്നും നിക്ക് പറയുന്നു.
ആ ചടങ്ങ് വളരെ വ്യത്യസ്തവും മനോഹരവുമായിരുന്നു. അതിനാല്‍ ഞാൻ ഏറെ ആസ്വദിച്ചാണ് ആ കാര്യങ്ങളൊക്കെ ചെയ്തത്. സത്യം പറഞ്ഞാൽ, മത്സരബുദ്ധിയോടെ പരസ്പരം ഹാരമണിയിക്കുന്ന ആ ചടങ്ങ് എല്ലാം കുടുംബാംഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചാലക ശക്തിയായി എനിക്ക് തോന്നി.
എല്ലാവർക്കും അഭിമാനിക്കാനും എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുമൊക്കെ അവസരം നൽകുന്ന രസകരമായ ഒരു ചടങ്ങ്. ആദ്യം പ്രയാസം തോന്നിയെങ്കിലും പിന്നീട് എനിക്കത് വളരെയധികം ഇഷ്ടമായി’, എന്നാണ് നിക്ക് പറഞ്ഞത്.
പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് ജൊനാസ് മുൻപ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ടു പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു.
മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്.
നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ വിവാഹജീവിതത്തിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുക ആണ് ഇരുവരും.
2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം.
കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകൾ പിറന്ന് ഒരു വർഷത്തിനിപ്പുറമാണ് താരദമ്പതികൾ അവളുടെ മുഖം വെളിപ്പെടുത്തിയത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയായ മാൾട്ടിക്ക് ഇപ്പോൾ നിരവധി ആരാധകരുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ