Bramayugam (2024): ‘ഭ്രമയുഗ’ത്തിന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.

ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്. നാല് കഥാപാത്രങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ടീസറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇരുപതു കോടിക്ക് മുകളിലാണ് ഭ്രമയുഗത്തിന്റെ ബജറ്റ് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ 27.73 കോടിയാണ് ചിത്രത്തിന്റെ നിർമാണച്ചെലവെന്ന് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ വെളിപ്പെടുത്തി. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

 

 

ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രമായതുകൊണ്ട് വലിയ ചിലവുകൾ ചിത്രത്തിനായില്ലെന്നും കോസ്റ്റ്യൂമിനു പോലും കുറവാണെന്നും ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ, ചിത്രത്തിന് 20 കോടി മുതല്‍ 35 കോടി വരെ ചെലവ് ആയിട്ടുണ്ടെന്നും റിപ്പോർട്ടുകളെത്തി. അതിനിടെയാണ് യഥാർഥ കണക്കുമായി നിർമാതാവ് തന്നെ രംഗത്തെത്തിയത്. 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം ഒരുക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുന്നത്. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന. കുഞ്ചമൻ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരെന്നും കേൾക്കുന്നു.

മൂവി സ്ട്രീറ്റ് എന്ന സിനിമാ ​ഗ്രൂപ്പിൽ ഈ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ച് ഷംഷാദ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് വൈറലായിരുന്നു.

‘‘ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കുഞ്ചമൻ പോറ്റി എന്ന പേര് ആദ്യം കേട്ടപ്പോൾ, എവിടെയോ കേട്ടിട്ടുള്ളത് പോലെ തോന്നിയിരുന്നു. പണ്ടെപ്പോഴോ കേട്ടു മറന്നൊരു പേര്. ചുമ്മാ തിരഞ്ഞപ്പോൾ മനസ്സിലായി പേര് കേട്ട വഴി. കടമറ്റത്ത് കത്തനാരുടെ ചരിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് കുഞ്ചമൻ പോറ്റി.

ഈ കഥാപാത്രം കത്തനാരുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാൻ തപ്പി നോക്കി, ഞാൻ ചെറിയ രീതിയിൽ തപ്പിയപ്പോൾ അറിയാൻ സാധിച്ചത് കത്തനാരും പോറ്റിയും ഒടിയനുമൊക്കെ ഒരേ കാലയളവിൽ ജീവിച്ചിരുന്നവരെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ എവിടെയോ, കത്തനാരുടെ ശത്രുവായിരുന്നു പോറ്റിയെന്ന് കേട്ടിരുന്നു. ഒരുപക്ഷേ സീരിയലിൽ അങ്ങനെയാകും അവതരിപ്പിച്ചത്. എന്നാൽ കത്തനാരും പോറ്റിയും ശത്രുക്കളല്ലെന്നും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

ഇരുവരും ദുർമന്ത്രവാദത്തിൽ പേര് കേട്ടവർ.  കുഞ്ചമൻ തറവാട് പണ്ട് മുതൽക്കേ ചാത്തന്മാരെ സേവിക്കുകയും അവരെ അടിമകളാക്കുകയും ചെയ്തിരുന്നുവത്രേ. ഈ കാര്യത്തിൽ രണ്ട് പേരും ടോപ്പ് ലീഗ്.

എന്നാൽ രണ്ട് പേരുടെ ഇടയിൽ ഈഗോ വരികയും ചെറിയ രീതിയിൽ ഒരു മത്സരം നടക്കുകയും എന്നാൽ അത് അവിടെ വച്ചു തീരുകയും ഇനി ഒരിക്കലും തമ്മിൽ മത്സരിക്കില്ലെന്നും സത്യവും ചെയ്യുകയും ചെയ്തു. ഭ്രമയുഗം കുഞ്ചമൻ പോറ്റിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇറക്കുന്ന ചിത്രമാണ്.

READ MORE: ‘ഗുമസ്തൻ’ ഷൂട്ടിങ് പൂർത്തിയായി

എന്നാൽ ജയസൂര്യയുടെ കത്തനാർ രണ്ടോ അതിന് മുകളിലോ സീക്വൽസ് ഉണ്ടാകുമെന്നുള്ളത് കൊണ്ട് കുഞ്ചമൻ പോറ്റിയും ഒടിയനുമൊക്കെ കത്തനാർ സിനിമയിൽ ഉണ്ടാകാൻ വളരെയധികം സാധ്യതകളുണ്ട്.’’–ഷംഷാദിന്റെ കുറിപ്പിൽ പറയുന്നു.

കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ