തിരുവനന്തപുരം: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിനു മുന്നില്‍ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടാകും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വനം വകുപ്പ് ആസ്ഥാനത്തു നിന്നും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഫോട്ടോ ഷൂട്ട് നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മാനന്തവാടി നഗരത്തില്‍ നിന്നു കഴിഞ്ഞ വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലേക്കു കൊണ്ടു പോകവേയാണ് തണ്ണീര്ക്കൊമ്പന് ചരിഞ്ഞത്.
ചരിഞ്ഞ ആനയുടെ ശരീരത്തോടൊപ്പം ഫോട്ടോ എടുത്ത വനം വകുപ്പിലെ ജീവനക്കാര്‍ക്കെതിരേ അനിമല്‍ ലീഗല്‍ ഫോഴ്സ് എന്ന സംഘടന പരാതി നല്‍കിയത്. വനം വകുപ്പിലെ 14 ജോലിക്കാര്ക്കെതിരേയാണ് പരാതി. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്താണ് നടന്നതെന്നും, അതിലെ സത്യവസ്ഥ തിരിച്ചറിഞ്ഞ് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷ നല്‍കാനുമുള്ള നടപടി ഉടന്‍ കൈക്കൊള്ളുമെന്നുമാണ് വനംവകുപ്പില്‍ നിന്നും അറിയുന്നത്.
ചത്തു കിടന്നാലും ആഘോഷമാക്കുന്ന ഇത്തരം ജീവനക്കാരുടെ മനോനിലയാണ് വലിയ പ്രശ്നം. വന്യ ജീവികളായാലും ഫോട്ടോ ഷൂട്ട് അനുവദിക്കാനാവില്ല. പ്രത്യേകിച്ച് വനംവകുപ്പിലെ ജീവനക്കാര്‍ക്ക്. മാത്രമല്ല, വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയാണ്. തണ്ണീര്‍ക്കൊമ്പനെ പിടിക്കാന്‍ രണ്ടു തവണയാണ് മയക്കുവെടി വെച്ചത്. അതിനു ശേഷം കുടിവെള്ള പോലും നല്കാന് ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് യാത്രക്കിയടയില്‍ ലോറിയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. തുടര്‍ന്ന് ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡവുമായി ചേര്‍ന്നു നിന്ന് ഫോട്ടോയെടുക്കാന്‍ നേരം വെളുക്കുന്നതും കാത്തിരിക്കുകയായിരുന്നു ജീവനക്കാര്‍.
വനംവകുപ്പ് ജീവനക്കാരുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുന്നതിനാണ് ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ പ്രവൃത്തി ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രാലയം 2014 ല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരാണെന്നുമാണ് പരാതി. വന്യജീവികളുടെ ജഡമോ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നുമാണ് വനമന്ത്രലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ വനംവകുപ്പധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വന്യ മൃഗങ്ങള്‍ ചത്താല്‍ വനം വകുപ്പ് ജീവനക്കാര്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാറുണ്ടെന്നും, അത് വലിയ തെറ്റാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വനംവകുപ്പിലെ ജീവനക്കാര്‍ പറയുന്നുണ്ട്. നിരവധി വന്യ മൃഗങ്ങള്‍ വനത്തിനുള്ളിലും പുറത്തു വെച്ചും ചാകുന്നുണ്ട്. ചില വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാറുമുണ്ട്. മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
എന്നാല്‍, ജഡത്തിനു മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. വന്യ ജീവികളെ സംരക്ഷിക്കുന്നതിനും, ചത്തുപോയ മൃഗങ്ങളെ സംസ്ക്കരിക്കുന്നതിനും വനം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രത്യേക ചട്ടങ്ങളുണ്ട്. ഇത് പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് വനംവകുപ്പിലെ മറ്റുദ്യോഗസ്ഥര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക