കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യു.എ.പി.എ. പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. വ്യാഴാഴ്ച ശിക്ഷയിന്മേലുള്ള വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക.

കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍.ഐ.എ.യുടെ പിടിയിലായത്. തുടര്‍ന്ന് റിയാസ് അബൂബക്കറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യപ്രതി റിയാസ് ഉള്‍പ്പെടെ മൂന്നുപ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മാപ്പുസാക്ഷികളായി. അറസ്റ്റിലായ റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്.

റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇതിന്റെ നിരവധി തെളിവുകളും പ്രതിയില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ചില വോയിസ് ക്ലിപ്പുകളടക്കമുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. സ്വയം ചാവേറായി ആക്രമണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും എന്‍.ഐ.എ. സംഘം പറഞ്ഞിരുന്നു.

read also…പ്രൊവിഡന്റ് ഫണ്ട് തുക ലഭിക്കാത്തതില്‍ മനംനൊന്ത് പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. പ്രതിക്കായി അഡ്വ. ബി.എ.ആളൂരും ഹാജരായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വ്യാഴാഴ്ചയിലെ വാദം പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിക്കുള്ള ശിക്ഷ വിധിക്കുക.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News