ന്യൂഡൽഹി: അജിത് പവാറിന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പേരും ചിഹ്നവും അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി ഉപയോഗിച്ചുവന്ന ക്ലോക്ക് അടയാളം അജിത്തിന് അനുവദിച്ചതോടെ ശരദ് പവാർ വിഭാഗത്തിന് ചിഹ്നം നഷ്‌ടമായി. നിയമസഭയിലുള്ള ഭൂരിപക്ഷവും പാർട്ടിയുടെ ഭരണഘടനയും കണക്കിലെടുത്താണ് നടപടി.
ആറ് മാസത്തിലേറെയായി പത്തിലധികം ഹിയറിങ്ങുകൾ നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തർക്കം തീർപ്പാക്കിയത്. കഴിഞ്ഞ ജൂലൈ ഒന്നിന് ആരംഭിച്ച വാദം കേൾക്കലിൽ ഹർജിക്കാരനായ അജിത്തിനുവേണ്ടി മുകുൾ റോത്തഗി, നീരജ് കിഷൻ കൗൾ, മനീന്ദർ സിംഗ് തുടങ്ങിയ മുതിർന്ന അഭിഭാഷകർ ഹാജരായി. പ്രതിഭാഗത്തിനായി അഭിഷേക് മനു സിങ്‌വി, ദേവദത്ത് കാമത്ത് എന്നിവരുമുൾപ്പടെയുള്ള പ്രഗത്ഭർ ഹാജരായി. വാദത്തിനിടെ ഇരുഭാഗവും ശക്തമായ വാദഗതികളാണ് അന്യോന്യം ഉന്നയിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, പുതിയ പേരു സ്വീകരിക്കാൻ ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകി. ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കുള്ളിൽ പാർട്ടിയുെട പുതിയ പേരും ചിഹ്‍നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം. നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായ അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ എക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന–ബിജെപി സർക്കാരിൽ ചേർന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















