എവിടെ ചെന്നിരുന്നാലും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? കാരണമിതാണ്

സുഹൃത്തുക്കളുടെ ഗ്രൂപ്പിലിരുന്നു വർത്താനം പറയുമ്പോൾ എന്നെ മാത്രം കൊതുക് കടിക്കുന്നതെന്താണ് എന്ന ചോദ്യം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. സംഗതി സത്യമാണ് ചില ആൾക്കാരെ മാത്രം കൊതുക് കടിക്കും കാരണമെന്താണെന്ന് അറിയണ്ടേ 

നിങ്ങളുടെ രക്തഗ്രൂപ്പ്, വസ്ത്രങ്ങള്‍, ശ്വസനം, അല്ലെങ്കില്‍ ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കൊതുകുകള്‍ നിങ്ങളെ കൂടുതല്‍ കടിച്ചേക്കാം. മുട്ട ഉല്‍പാദനത്തിനായി മനുഷ്യരക്തത്തിലെ പ്രോട്ടീനിനെ ആശ്രയിക്കുന്ന പെണ്‍ കൊതുകുകളാണ് മനുഷ്യനെ കടിക്കുന്നത്.

പ്രത്യേക രക്ത ഗ്രൂപ്പുള്ളവര്‍ കൊതുകുകളെ ആകര്‍ഷിക്കും

കൊതുകുകള്‍ ചില പ്രത്യേക രക്തഗ്രൂപ്പുകള്‍ ഉള്ളവരെ കൂടുതലായി കടിക്കുന്നുണ്ട്. ഈ ഗണത്തില്‍ പെടുന്നവരാണ് ഒ ഗ്രൂപ്പുകാര്‍. ഏഷ്യന്‍ ടൈഗര്‍ കൊതുക് അല്ലെങ്കില്‍ ഈഡിസ് അല്‍ബോപിക്റ്റസ് ഒ രക്തഗ്രൂപ്പിനെ ഇഷ്ടപ്പെടുന്നവയാണ്. എബി ഗ്രൂപ്പുകാര്‍ മാര്‍ഷ് കൊതുകിനെ ആകര്‍ഷിക്കുന്നവരാണ്. ഏകദേശം 80% ആളുകളും അവരുടെ രക്തഗ്രൂപ്പ് എന്താണെന്ന് സൂചിപ്പിക്കുന്ന ഒരു സ്രവണം ഉത്പാദിപ്പിക്കുന്നു. ഇത് മണത്തറിഞ്ഞാണ് കൊതുക് ഇവരെ പ്രത്യേകമായി കടിക്കുന്നത്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൊതുകുകളെ ആകര്‍ഷിക്കുന്നു

കൊതുകുകള്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വളരെ ദൂരെ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. നിങ്ങള്‍ കൂടുതല്‍ ശ്വാസം വിടുമ്പോള്‍, കൊതുക് നിങ്ങളെ കടിക്കാനുള്ള സാധ്യത കൂടും. നിങ്ങളുടെ മൂക്കിലൂടെയും വായിലൂടെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിനാലാണ് കൊതുകുകള്‍ നിങ്ങളുടെ തലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യത്തിലൂടെ 5 മുതല്‍ 15 മീറ്റര്‍ വരെ ദൂരെ നിന്ന് കൊതുകുകള്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കും.

കൊതുകുകള്‍ ശരീരത്തിന്റെ ചൂട് തേടുന്നു

പെണ്‍കൊതുകുകള്‍ ചൂടില്‍ ആകര്‍ഷിക്കപ്പെടുന്നവയാണ്. മറ്റ് താപ സ്രോതസ്സുകള്‍ ലഭ്യമാണെങ്കിലും മനുഷ്യര്‍ക്ക് നേരെ പറക്കാന്‍ അവയ്ക്ക് സാധിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ധിക്കുന്നതിനാല്‍ കൊതുക് കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുന്നു.

വിയര്‍പ്പ് 

കൊതുകുകള്‍ക്ക് മനുഷ്യന്റെ വിയര്‍പ്പ് ശ്വസിക്കാന്‍ കഴിയും. ലാക്റ്റിക് ആസിഡ്, അമോണിയ, അതില്‍ പുറന്തള്ളുന്ന മറ്റ് സംയുക്തങ്ങള്‍ എന്നിവയിലേക്ക് കൊതുക് ആകര്‍ഷിക്കപ്പെടുന്നു. നിങ്ങള്‍ വിയര്‍ക്കുകയോ ചൂടുള്ള ദിവസങ്ങളില്‍ വെളിയില്‍ ധാരാളം സമയം ചെലവഴിക്കുകയോ ചെയ്താല്‍ കൊതുക് കടി ഏല്‍ക്കാനുള്ള സാധ്യത കൂടും.

കൊതുകുകള്‍ ചില ചര്‍മ്മ ബാക്ടീരിയകളെ ഇഷ്ടപ്പെടുന്നു

നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായും സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കുന്നു. ഈ ബാക്ടീരിയകള്‍ വിയര്‍പ്പുമായി കലരുമ്പോള്‍ ഒരു പ്രത്യേക ഗന്ധം സൃഷ്ടിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ചര്‍മ്മത്തിലെ ബാക്ടീരിയയുടെ തരവും അളവും കൊതുകുകടി ഏല്‍ക്കുന്നതില്‍ പങ്കു വഹിക്കുമെന്ന് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

ഇരുണ്ട വസ്ത്രങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നു

ഇരകളെ ലക്ഷ്യം വയ്ക്കുന്ന കൊതുകുകള്‍ വെള്ള, ചാരനിറത്തിലുള്ള പ്രതലങ്ങളേക്കാള്‍ പച്ച, കറുപ്പ് പ്രതലങ്ങളിലേക്കാണ് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു, ഈ നിറങ്ങള്‍ കാണാന്‍ അവര്‍ക്ക് എളുപ്പമാണ്.

സോപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കും

ചില സോപ്പുകളുടെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുമെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിന് വിധേയമാക്കിയ നാലില്‍ മൂന്ന് ജനപ്രിയ സോപ്പ് ബ്രാന്‍ഡുകളും കൊതുകുകളെ ആകര്‍ഷിക്കുന്നതായാണ് കണ്ടെത്തിയത്. ഈ സോപ്പുകള്‍ ഉപയോഗിക്കുന്നവരെ കൊതുകകള്‍ കടിക്കാനുള്ള പ്രവണത കൂടും. അതേസമയം, വെളിച്ചെണ്ണ ഉപയോഗിച്ച ചില സോപ്പുകള്‍ കൊതുകുകളെ അകറ്റുന്നതായും കണ്ടെത്തി.

READ MORE ക്ഷീണവും തളർച്ചയും, എവിടെയെങ്കിലും കിടന്നാൽ മതി എന്ന ചിന്ത: കാരണമിതാണ്