ചെന്നൈ∙ കേന്ദ്രത്തിന്റെ അവഗണനകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള കേരള സർക്കാരിന്റെ നടപടികളെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ചുകൊണ്ട് അദ്ദേഹം കത്തയച്ചു. ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരേ കേന്ദ്രം വച്ചുപുലർത്തുന്ന ചിറ്റമ്മ നയത്തിനെതിരേ കർണാടകയും കേരളവും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സമരം പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാരുകളെ ഞെരുക്കാനുള്ള കേന്ദ്ര ശ്രമം വളരെക്കാലമായി നടക്കുന്നതാണെങ്കിലും സമീപകാലത്തായി അത് വഷളായിക്കൊണ്ടിരിക്കുകയാണെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള അവകാശത്തെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 293 പ്രകാരമുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്ത് കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് തമിഴ്നാട് നേരിടുന്ന അവഗണന കത്തിൽ സ്റ്റാലിൻ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കുന്നതിന് വേണ്ടി കേരളം നടത്തുന്ന ശ്രമങ്ങൾക്ക് തമിഴ്നാടിന്റെ പിന്തുണയുണ്ടാകുമെന്നും സഹകരണമുണ്ടാകുമെന്നും സ്റ്റാലിൻ ഉറപ്പുനൽകി. ഇതുസംബന്ധിച്ച് തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലും സ്റ്റാലിൻ പോസ്റ്റിട്ടിരുന്നു. കേരളം ഫെബ്രുവരി എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ