റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളം-ഛത്തിസ്ഗഢ് മത്സരവും സമനിലയിൽ പിരിഞ്ഞു. അവസാന ദിനം കേരളം മുന്നോട്ടു വെച്ച 290 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഛത്തിസ്ഗഢ് ഒന്നിന് 79 റൺസ് എന്ന നിലയിൽ നിൽക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളിൽ നാലും സമനിലയിൽ പിരിഞ്ഞ കേളത്തിന്റെ നോക്കൗട്ട് പ്രതീക്ഷ ഏറെ കുറേ അവസാനിച്ചു.
രണ്ടു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും എട്ടു പോയിന്റ് മാത്രമുള്ള കേരളം ആറാം സ്ഥാനത്താണ്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ അവസാനദിനം ബാറ്റിങ് തുടർന്ന കേരളം അഞ്ചിന് 251 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 94 റൺസെടുത്ത് റണ്ണൗട്ടായ സചിൻ ബേബിയാണ് ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ 91 റൺസെടുത്ത സചിൻ വീണ്ടും സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു.
Read also: ഇന്ത്യൻ വിജയത്തിനൊപ്പം അശ്വിന് അപൂർവ റെക്കോഡ്
മുഹമ്മദ് അസ്ഹറുദ്ദീൻ 50 റൺസുമായി പുറത്താവാതെ നിന്നു. ഓപണർമാരായ രോഹൻ കുന്നുമ്മൽ 36 ഉം രോഹൻ പ്രേം 17 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ സഞ്ജുസാംസൺ (24) വിഷ്ണു വിനോദ് (24) റൺസടുത്തു. 290 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന ഛത്തിസ്ഗഢ് 22 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്ത് നിൽകെ സമനില സമ്മതിക്കുയായിരുന്നു. 39 റൺസുമായി റിഷദ് തിവാരിയും 25 റൺസുമായി അഷ്തോഷ് സിങുമായിരുന്നു ക്രീസിൽ.
കേരളം ഒന്നാം ഇന്നിങ്സ് : 350, രണ്ടാം ഇന്നിങ്സ് 251 ഛത്തിസ്ഗഢ് ഒന്നാം ഇന്നിങ്സ് : 312, രണ്ടാം ഇന്നിങ്സ് 79/1.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ