വിശാഖപട്ടണം: പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ എറിഞ്ഞിട്ടതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദർശകർ 292 റൺസിന് പുറത്താവുകയായിരുന്നു. 73 റൺസെടുത്ത ഓപണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ ബുംറയും അശ്വിനും മൂന്നുപേരെ വീതം മടക്കിയപ്പോൾ മുകേഷ് കുമാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റെടുത്തു.
28 റൺസെടുത്ത ഓപണർ ബെൻ ഡെക്കറ്റിന്റെ വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിൽ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. 23 റൺസെടുത്ത രെഹാൻ അഹ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അക്സർ പട്ടേൽ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. തുടർന്ന് ഒലീ പോപിനെയും (23), ജോ റൂട്ടിനെയും (16) അശ്വിൻ മടക്കി. പിടിച്ചുനിന്ന സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 132 പന്തുകൾ നേരിട്ട് 73 റൺസെടുത്ത ക്രോളിയെ കുൽദീപ് യാദവ് വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ജോണി ബെയർസ്റ്റോയെ (26) ബുംറയും സമാന രീതിയിൽ മടക്കി.
Read also: ലോക അക്വാട്ടിക്: മെഡൽ പട്ടികയിൽ ചൈനീസ് കുതിപ്പ്
11 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ശ്രേയസ് അയ്യരുടെ ഏറിൽ റണ്ണൗട്ടായി മടങ്ങിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. എന്നാൽ, ബെൻ ഫോക്സും ടോം ഹാർട്ട്ലിയും (36) പൊരുതിനിന്നത് ആശങ്കയുണ്ടാക്കി. ഫോക്സിനെ ബുംറ സ്വന്തം ബാളിൽ പിടികൂടിയതിന് പിന്നാലെയെത്തിയ ശുഐബ് ബഷീർ റൺസെടുക്കാനാവാതെ മടങ്ങിയതിന് പിന്നാലെ ഹാർട്ട്ലിയെ ബുംറ ബൗൾഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനും വിരാമമായി. ജെയിംസ് ആൻഡേഴ്സൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സിൽ ഓപണർ യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ച്വറിയുടെ (209) കരുത്തിൽ നേടിയ 143 റൺസിന്റെ ലീഡാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 396 റൺസെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നേടാനായത് 255 റൺസാണ്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയുണ്ടായിട്ടും ഇന്ത്യ 253 റൺസിന് പുറത്തായി. ഇതോടെയാണ് സന്ദർശകരുടെ വിജയലക്ഷ്യം 399 റൺസായി നിശ്ചയിക്കപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ