ലണ്ടൻ: എഫ്.എ കപ്പിലെ കടം പ്രീമിയർ ലീഗിൽ തീർത്ത് ഗണ്ണേഴ്സ്. പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സണൽ കീഴടക്കിയത്. ജനുവരി ആദ്യവാരം എഫ്.എ കപ്പ് മൂന്നാം റൗണ്ടിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. ഇതേ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ രണ്ടുഗോളിന് ലിവർപൂളിനായിരുന്നു ജയം. എന്നാൽ, ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയം ഗണ്ണേഴ്സിനൊപ്പമായിരുന്നു. തകർപ്പൻ ജയവുമായി ആഴ്സണൽ മറുപടി നൽകി.
14ാം മിനിറ്റിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ബുക്കായോ സകായാണ് ആഴ്സണലിനെ മുന്നിലെത്തിക്കുന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷം ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹാസിന്റെ സെൽഫ് ഗോളിലൂടെ ലിവർപൂൾ സ്കോർ തുല്യമാക്കി (1-1). ആർക്കും ലീഡില്ലാതെ തുടങ്ങിയ രണ്ടാം പകുതിയിൽ അലിസണും വാൻഡൈക്കും കൂടി വരുത്തിയ പിഴവ് മുതലെടുത്ത് ആഴ്സണൽ സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലി ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു (2-1).
Read also: ഡേവിസ് കപ്പ്: ആതിഥേയരെ നിലംപരിശാക്കി ഇന്ത്യ ലോകഗ്രൂപ്പിൽ
ഗോൾ മടക്കാനുള്ള ലിവർപൂളിന്റെ ശ്രമം അവസാന സെക്കൻഡുവരെ തുടർന്നെങ്കിലും ഫലമുണ്ടായില്ല. 88ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ കൊനാറ്റെ ചുവപ്പ് കാര്ഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിൽ ബെൽജിയം താരം ലിയാൻഡ്രൊ ട്രൊസാഡ് ആഴ്സണലിന് വേണ്ടി മൂന്നാം ഗോൾ നേടിയതോടെ ലിവർപൂളിന്റെ പതനം പൂർണമായി.
തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ലിവർപൂൾ തന്നെയാണ് മുന്നിൽ. 23 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ലിവർപൂളും 49 പോയിന്റുമായി ആഴ്സണലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റി 46 പോയിന്റുമായി മൂന്നാമതുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ