ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരൂ നീ,
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി
ഈ ഗാനം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 1983 എന്ന സിനിമയിലെ ഗാനം കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമയിലെത്തുന്ന പേരാണ് ഗായിക വാണി ജയറാമിന്റേത്.
യുവത്വത്തിന്റെ ശോഭയുള്ള ആ സ്വരം സംഗീതാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സംഗീതലോകത്തിന്റെ പ്രിയ ഗായിക വാണി ജയറാം വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു.
1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാം ജനിക്കുന്നത്. സംഗീതജ്ഞയായ അമ്മയിൽ നിന്നു തന്നെയാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ വാണി ജയറാം പഠിച്ചതും. അഞ്ചാം വയസ്സിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.
വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വാണി ജയറാം കടന്നുവരുന്നത്.
5 പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകൻ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. ആ യുവ സ്വരത്തെ പിന്നീട് നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരൊക്കെ പാടിച്ചു.
എന്നാൽ ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡിൽ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.
അധികം വൈകാതെ സലീൽ ചൗധരി വാണി ജയറാമിനെ മലയാളികൾക്കു മുന്നിലും എത്തിച്ചു. ഭൂമിയെക്കുറിച്ചു മനോഹരമായ സ്വപ്നം വരച്ചിട്ട് ഒഎൻവി കുറിച്ച ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി ഹൃദയത്തിൽ ഇടം പിടിച്ചു.
പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’… അങ്ങനെ എത്രയെത്ര പാട്ടുകൾ വാണിയമ്മ നമുക്കായി പാടിത്തന്നു.
ആശീർവാദത്തിൽ അർജുനൻ മാഷിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘സീമന്ത രേഖയിൽ…’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളിൽ ഒന്നാണ്. ഇനിയുമുണ്ട് വാണീ നാദം പതിഞ്ഞ പാട്ടുകൾ: എം.എസ്. വിശ്വനാഥന്റെ ‘പത്മതീർഥക്കരയിൽ’, ‘പുലരിയോടെ സന്ധ്യയോടോ’, ആർ. കെ.ശേഖറിന്റെ ‘ആഷാഢ മാസം ആത്മാവിൽ മോഹം’, എം.ജി. രാധാകൃഷ്‌ണന്റെ ‘ഓർമകൾ ഓർമകൾ’…. തച്ചോളി അമ്പു എന്ന സിനിമയിൽ രാഘവൻ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ…’ ഇന്നും പാടി കേൾക്കുന്ന ഗാനമാണ്.
ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതോ, ഒരു വയസിനു മാത്രം മൂപ്പുള്ള, വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. പണ്ടു പാടിയ അതേ ശ്രുതിയിൽ പതിറ്റാണ്ടുകൾക്കിപ്പുറവും പാടാൻ കഴിയുന്ന അപൂർവ ഗായികയാണു താനെന്ന് ‘1983’ ലെ ‘ഓലഞ്ഞാലിക്കുരുവി’യിലൂടെ വാണിയമ്മ തെളിയിച്ചു.
മക്കളില്ലാത്ത ദുഃഖം മറക്കാനുള്ള ഔഷധം കൂടിയായിരുന്നു വാണി ജയറാമിന് സംഗീതം എന്നു പറയുന്നത്. അവസരം കിട്ടുമ്പോഴെല്ലാം സ്കൂൾ കുട്ടികളോടു സംവദിക്കുവാൻ സമയം കണ്ടെത്തിയിരുന്നു. സ്വയം മുൻകയ്യെടുത്തു സ്ഥാപിച്ച ‘ജയ് വാണി ട്രസ്റ്റി’ലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും വാണി സജീവമായി രംഗത്തുണ്ടായിരുന്നു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായികയായ വാണി ജയറാമായിത്തന്നെ ജീവിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. സംഗീതം വിട്ടൊരു ജീവിതത്തെപ്പറ്റി അവർ ആലോചിച്ചിട്ടേയില്ല. ഒന്നല്ല, ഒരായിരം വർഷം പിന്നിട്ടാലും വാണി ജയറാം എന്ന ഗായികയും ആ സ്വരവും സംഗീതപ്രേമികൾ എന്നും ഓർക്കും എന്നതിൽ യാതൊരു സംശയവുമില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ