ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി തയാറാക്കിയ കരട് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം ചർച്ച ചെയ്‌തെങ്കിലും അംഗീകാരം നൽകിയില്ല. കരടിൻമേൽ ഇനിയും ചർച്ച നടത്താൻ ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. എഴുന്നൂറിലേറെ പേജുകൾ ഉള്ള കരട് നാല് ഭാഗങ്ങളായി ആണ് തയ്യാറാക്കിയിരിക്കുന്നത്. ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുക അടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഉത്തർപ്രദേശ് മാതൃകയിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ വിപണനം നിരോധിക്കുക, ലിവിങ് റിലേഷൻ നിയമ വിധേയമാക്കുക തുടങ്ങിയ നിർദേശങ്ങൾ കരടിൽ മുന്നോട്ടുവെക്കുന്നുണ്ട്.
തിങ്കളാഴ്ച ഏക സിവിൽകോഡ് ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഉത്തരാഖണ്ഡ് സർക്കാർ വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ രണ്ട് ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം, വിവാഹ മോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയെ സംബന്ധിച്ച് ഉള്ള നിയമങ്ങൾ ക്രോഡീകരിച്ച് പൊതു സ്വഭാവത്തിലാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
















