മുംബൈ: വ്യാജ മരണവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ. പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.
“മോഡലും നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റാണ്. സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല. ഈ വാർത്തയ്ക്ക് ശേഷം, ഇന്ത്യൻ സിനിമയിലെ ഏത് മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിച്ചേക്കാം. ആരും പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും തരംതാണിട്ടില്ല” സിനി വർക്കേഴ്സ് അസോസിയേഷൻ എക്സിൽ കുറിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നും സിനി വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
സെർവിക്കൽ കാൻസർ ബാധിച്ച് പൂനം വ്യാഴാഴ്ച രാത്രി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെങ്കിലും, ഇതു തെറ്റാണെന്നു പറഞ്ഞ് പിന്നീട് നടി തന്നെ രംഗത്തെത്തി. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തയായിരുന്നു അതെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെയാണ് അറിയിച്ചത്. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.
തുടർന്ന് പൂനം പാണ്ഡെയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
















