ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ തുടർച്ചയായി 5 തവണ നോട്ടീസ് നൽകിയിട്ടും ഹജരാവാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിനെതിരേ ഇഡി കോടതിയെ സമീപിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്. ഐപിസിയുടെ 174, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ 50-ാം വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി.
മുൻപ് നവംബർ 2, ഡിസംബർ 21, ജനുവരി 3, 18, ഫെബ്രുവരി 2 എന്നീ തീയതികളിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ നീക്കങ്ങളെന്ന് ആരോപിച്ച് കെജ്രിവാൾ 5 നോട്ടീസുകളും തള്ളിക്കളയുകയായിരുന്നു. ഡൽഹിയിലെ റോസ് അവന്യൂ കോടതി, ബുധനാഴ്ച ഇ.ഡിയുടെ ഹർജി പരിഗണിക്കും.
അതേസമയം, കേജ്‍രിവാളിനെ കള്ളക്കേസിൽ കുടുക്കാൻ ബിജെപി ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. ഇ.ഡിയുടെ നിർദേശം തള്ളിയ കേജ‍്‍രിവാൾ ഇന്നലെ ഡൽഹിയിൽ എഎപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു. ചണ്ഡിഗഡിലെ മേയർ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒപ്പമുണ്ടായിരുന്നു.
















