തിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയായതിനെ തുടർന്ന് പുതിയ നടപടികളുമായി സർക്കാർ. അധിക സർവർ സജ്ജീകരിച്ച് പ്രശ്നം പരിഹരിക്കാനാണ് ഭക്ഷ്യവകുപ്പിൻ്റെ നീക്കം.ഇതിനായി 3.54 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു.
ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് (യുഐഡിഎ.ഐ) നൽകാനായ് തുക അനുവദിച്ചിരിക്കുന്നത്. ഇ-പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന ഓതന്‍റിഫിക്കേഷൻ യൂസർ ഏജൻസി(എയുഎ)യാണ് ഭക്ഷ്യ വകുപ്പ് വാങ്ങുക.
കഴിഞ്ഞ ദിവസം മസ്റ്ററിങ് പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണം സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള ഓതന്‍റിഫിക്കേഷൻ യൂസർ ഏജൻസിയിലെ തകരാറായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ എൻഐസിയുടെ ഉടമസ്ഥതയിലുള്ള ഒരു എയുഎ പകരം ഉപയോഗിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി.എന്നാൽ ഇത് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
















