മിഷിഗൻ∙ മിഷിഗൻ ഹൈസ്കൂളിൽ നാല് വിദ്യാർഥികളെ വെടിവെച്ചുകൊന്ന 17 വയസ്സുകാരന് ക്രിസ്മസ് സമ്മാനമായി തോക്ക് വാങ്ങി നൽകിയത് പിതാവ് ജയിംസ് ക്രംബ്ലിയാണെന്ന് കോടതിയിൽ വ്യക്തമാക്കി അമ്മ ജെന്നിഫർ ക്രംബ്ലി. സമ്മാനം നൽകിയതിന്റെ അടുത്ത ദിവസം കുട്ടിയെ പിതാവ് ഷൂട്ടിങ് റേഞ്ചിലേക്ക് കൊണ്ടുപോയെന്നും ജെന്നിഫർ പറഞ്ഞു.
കുട്ടിക്ക് തോക്ക് നൽകിയത് ഷൂട്ടിങ് റേഞ്ചിൽ മാത്രം ഉപയോഗിക്കുന്നതിനാണ്. വീട്ടിൽ ആയുധം സൂക്ഷിച്ചതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണ്. ഗൃഹപാഠം, അസൈൻമെന്റുകൾ എന്നിവയിൽ കുട്ടി വീഴ്ച വരുത്തിയിരുന്നു. ഗ്രേഡുകൾ മോശമായിട്ടും അച്ചടക്ക പ്രശ്നങ്ങള് ഉണ്ടായിട്ടും അധ്യാപകരുമായി ഒരിക്കലും ആശയവിനിമയം നടത്തിയിട്ടില്ല. ഹൈസ്കൂളിന് ശേഷം താൻ എന്ത് ചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് കുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ കുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും ജെന്നിഫർ കൂട്ടിചേർത്തു.
∙ അവഗണിച്ച മുന്നറിയിപ്പ്
മകന് ഇത്രയും അക്രമാസക്തമായ പ്രവൃത്തി ചെയ്യാൻ കഴിയുമെന്ന് താൻ വിശ്വസിച്ചിരുന്നില്ല. ഒരു രക്ഷിതാവെന്ന നിലയിൽ, കുട്ടിയെ മറ്റ് അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ജീവിതകാലം മുഴുവൻ എല്ലാവരും ശ്രമിക്കും. മറ്റൊരാളെ നമ്മുടെ കുട്ടി ദ്രോഹിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മറ്റുള്ളവരെ കൊല്ലുന്നതിന് പകരം അവൻ ഞങ്ങളെ കൊന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും ജെന്നിഫർ പറഞ്ഞു.
ആക്രമണം നടന്ന ദിവസം കുട്ടി വരച്ച ചിത്രം കണ്ട് പരിഭ്രാന്തയായ അധ്യാപിക മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു. രക്ഷിതാക്കളെ ഈ ചിത്രം കാണിച്ച് കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കണമെന്ന് നിർദേശിച്ചു. പക്ഷേ, മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിസമ്മതിച്ച രക്ഷിതാക്കൾ കുട്ടിയെ ക്ലാസിലേക്ക് മടക്കി അയച്ചു. തുടർന്നാണ് നാല് പേരുടെ ജീവനെടുത്ത ആക്രമണുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു