ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് രണ്ട് സീറ്റ് നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് അംഗീകരിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കോണ്‍ഗ്രസ് 300 സീറ്റുകളില്‍ മത്സരിച്ചാല്‍ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്ക് രണ്ടുസീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വേണം. അങ്ങനെയാണെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ സംസാരമുണ്ടായിട്ടില്ല’, ബാനര്‍ജി പറഞ്ഞു.
‘എന്തിനാണ് ഇത്ര അഹങ്കാരം? നേരത്തെ നിങ്ങള്‍ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ ബിജെപിയെ തോല്‍പ്പിക്കൂ. അലഹബാദില്‍ മത്സരിച്ച് വിജയിക്കൂ. നിങ്ങള്‍ എത്ര ധീരതയുള്ള പാര്‍ട്ടിയാണെന്ന് കാണട്ടെ’, മമത കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
കോൺഗ്രസിനു ധൈര്യമുണ്ടെങ്കിൽ ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോൽപ്പിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















