തിരക്കു പിടിച്ച ദൈനംദിന ജീവിതത്തിനിടെ പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് താരന്. തലയില്‍ അസഹ്യമായ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍ എന്നിവ തുടങ്ങുമ്പോഴാണ് പലര്‍ക്കും പ്രശ്നത്തിന്റെ ഗൗരവം മനസിലാകുന്നത്. വരണ്ട തലയോട്ടി, കാലാവസ്ഥ, മുടി ശരിയായി കഴുകാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് താരനുണ്ടാകാം. വലിയ ചിലവുകളില്ലാതെ വീട്ടില്‍ തന്നെ താരന് അകറ്റാനുള്ള മാര്‍ഗങ്ങള്‍ നോക്കാം…
1. നെല്ലിക്ക
അരക്കപ്പ് നെല്ലിക്ക പൊടിയില്‍ രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ത്ത് യോജിപ്പിക്കുക. 15 മിനിട്ടിന് ശേഷം തലയോട്ടിയില്‍ പുരട്ടുക. ഉണങ്ങിയ ഉടന്‍ തണുത്ത വെള്ളത്തില്‍ കഴുകുക. രണ്ട് ദിവസം കൂടുമ്പോള്‍ ഇത് പരീക്ഷിക്കാം.
2. ആര്യവേപ്പ്
ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ആഴ്ചയിലൊരിക്കല്‍ ഇത് ശീലമാക്കിയാല്‍ താരന് തടയാം.
Read also: Dry skin മുഖം പൊരിഞ്ഞിളകുന്നുണ്ടോ? ഇവ ഉപയോഗിച്ചാൽ മാറ്റം തിരിച്ചറിയാം
3. മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും യോജിപ്പിച്ച് തലയോട്ടിയില്‍ പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് ഷാംപു ഉപയോഗിച്ച് കഴുകി കളയുക. ഇത് മുടിയ്ക്ക് കരുത്ത് നല്‍കുന്നതിനൊപ്പം മുടി പൊട്ടുന്നതും തടയും.
4. കറ്റാര്‍ വാഴ
രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
5. ഹോട്ട് ഓയില്‍ മസാജ്
കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുക. വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടി കൊഴിച്ചിലും താരനും അകറ്റും.
6. നാരങ്ങ നീര്
രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും മൂന്ന് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. 10 മിനിട്ട് നന്നായി മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം ഉണങ്ങി കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.