റാഞ്ചി: സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിലേക്കു പോകാനുള്ള എംഎല്‍എമാരുടെ നീക്കത്തിനു തിരിച്ചടിയായി റാഞ്ചിയിലെ സിര്‍സ മുണ്ട വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
വിമാനത്തിനുള്ളില്‍ കയറി വീഡിയോ അടക്കം എംഎല്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ എംഎല്‍എമാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഹൈദരാബാദിലേക്ക് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിക്കാനായിരുന്നു ശ്രമം. ഹൈദരാബാദില്‍ എത്തുന്ന എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ എത്തിക്കാന്‍ ബസുകള്‍ ഉള്‍പ്പെടെ ഹൈദരാബാദ് വിമാനത്താവളത്തിനു പുറത്തു തയാറാക്കിയിരുന്നു.
എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ജെഎംഎം പറഞ്ഞു. ബിജെപി എന്തിനും മടിക്കില്ലെന്ന് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച ചംപയ് സോറനും എംഎൽഎമാർക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.
ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നതോടെയാണ് എംഎൽഎമാരെ സംസ്ഥാനത്തിനു പുറത്തേക്കു കടത്താൻ നീക്കം ആരംഭിച്ചത്. ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവർണർ സി.പി രാധാകൃഷ്ണന് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിച്ചുളള കത്ത് കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ അനുമതി നൽകിയില്ലെന്നാണ് ചംപയ് സോറൻ പറയുന്നത്. നടപടി വൈകാതെ ആരംഭിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഝാര്‍ഖണ്ഡിൽ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ നൽകിയ കത്തിന് ഗവർണർ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 47 എംഎല്എമാരുടെ പിന്തുണയുണ്ടെന്നാണ് കത്തില് അറിയിച്ചത്. സർക്കാറുണ്ടാക്കാന് 43 പേരുടെ പിന്തുണ മതി. ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.ഇന്നലെ രാത്രിയാണ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണ കേസിൽ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുൻപ് സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറുകയായിരുന്നു. പിന്നാലെ നിലവിൽ ഗതാഗത മന്ത്രിയായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ നേതാക്കൾ ഗവർണറെ കാണുകയായിരുന്നു.
ഇതിനിടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ രംഗത്തെത്തി. ഗവർണറുടെ ഒളിച്ചുകളി ഭരണഘടനയോടുള്ള അവഹേളനമെന്ന് ഖർഗെ പറഞ്ഞു. 48 എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയിലേക്ക് ആണികൾ ഓരോന്നായി ബിജെപി അടിക്കുകയാണെന്നും ഖര്‍ഗെ ആരോപിച്ചു.
















