കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പാറശാല ഡിപ്പോയില്‍ നിന്നും ഗവിയിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി18 ന്
രാവിലെ 3 നാണ് യാത്ര ആരംഭിക്കുന്നത്.
ഗവിയിലേക്കുള്ള യാത്ര കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം. പച്ച പുതപ്പണിഞ്ഞ മലനിരകളും, കളകളാരവം മുഴക്കുന്ന അരുവികളും, ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും, മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍…
ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും. ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം,വേഴാമ്പാലുകളുടെ സംഘ ഗാനം… ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം….
ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടം, മ്ലാവുകളുടെ തുള്ളിച്ചാട്ടം, കാട്ടു പോത്തുകളുടെ വീരപ്രകടനം, അട്ടകളുടെ അതിജീവനം….
അങ്ങനെയങ്ങനെ കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ ആനവണ്ടി യാത്ര. വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ നിർത്തിത്തരികയും യാത്ര തീർത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് ആനവണ്ടിയിലുളളത്.
കെ.എസ്സ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി. ഈ കാടിന്റെയും കാട്ടാറുകളുടെയും ഡാമുകളുടെയുമൊക്കെ സൗന്ദര്യത്തിന്റെ ഉത്ഭവം കക്കി ഡാമിൽ നിന്നാണെന്ന് തോന്നുന്നു. എന്ത് മനോഹരമാണ് കക്കി ഡാമും അവിടുത്തെ കാഴ്ചകളും.
കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച. ശുദ്ധ വായു ശ്വസിച്ചും കൊണ്ടൊരഞ്ചര മണിക്കൂർ നേരത്തെ യാത്ര. സ്വന്തം വണ്ടിയുമായി പോകുന്നതിനേക്കാൾ നല്ലത് ആനവണ്ടിയാണ്. ഇടുങ്ങിയ റോട്ടിലൂടെയുള്ള ഡ്രൈവിംഗില്‍ തീർച്ചയായും നല്ല ശ്രദ്ധ വേണം. അത് കാനനക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനൊരു തടസ്സം തന്നെയാണ് . കൂടാതെ ഗജ വീരന്മാരുടെ ആക്രമണത്തെയും ഭയക്കണം.
പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്.
വനപാത ആയതിനാല്‍ സാധാരണ റോഡിലെ യാത്രാനുഭവം ആയിരിക്കില്ല… പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നിന്നു ഫോട്ടോയെടുക്കുവാനും , പ്രകൃതി ഭംഗിയാസ്വദിക്കുവാനുമുളള അവസരവും ലഭിക്കും.
ബഡ്ജറ്റ് ടൂറിസം സെൽ പാറശ്ശാല
( 18/02/2024 ഞായർ) യാത്രക്ക് സീറ്റുകൾ ലഭ്യമാണ്.
വിളിക്കുക: 9633115545 , 8138855256