കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1165.39 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടി. മുന്‍വര്‍ഷത്തെ 982.28 കോടി രൂപയില്‍ നിന്ന് 18.6 ശതമാനമാണ് വര്‍ധന. ഈ പാദത്തിലെ സംയോജിത അറ്റാദായം 58.24 കോടി രൂപയാണ്. 48.3 ശതമാനമാണ് ലാഭവര്‍ധന. മുന്‍ വര്‍ഷം ഇത് 39.28 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഒമ്പതു മാസത്തെ സംയോജിത പ്രവര്‍ത്തന വരുമാനം 17.6 ശതമാനം വര്‍ധിച്ചു 3513.90 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 2987.97 കോടി രൂപയായിരുന്നു ഇത്. ഒമ്പതു മാസത്തെ സംയോജിത അറ്റാദായം 181.41 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 136.32 കോടി രൂപയില്‍ നിന്ന് 33.1 ശതമാനം വളര്‍ച്ച കൈവരിച്ചു.
‘മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ ഗൃഹോപകരണങ്ങള്‍ പോലുള്ള വിഭാഗങ്ങളില്‍ ഉപഭോക്തൃ ഡിമാന്‍ഡ് കുറവായിരുന്നെങ്കിലും അവസാനത്തോടെ ഉപഭോക്തൃ ഡിമാന്‍ഡില്‍ ഉണര്‍വ്വുണ്ടായി. നല്ല വില്‍പ്പന വളര്‍ച്ചയുള്ള ഇലക്ട്രോണിക്സ് വിഭാഗത്തിലും മികച്ച ഡിമാന്‍ഡ് ഉണ്ട്. വരാനിരിക്കുന്ന വേനല്‍ സീസണും, ഡിമാന്‍ഡിലെ ഉണര്‍വ്വിന്റെ സൂചനകളും, അടുത്ത പാദത്തിലും മികച്ച വില്‍പ്പന നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍,’ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.