ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് നിർമല പാർലമെന്റിലെത്തിയത്. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.
വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചു. കായികരംഗത്ത് വന്‍ പുരോഗതി കൊവരിക്കാന്‍ രാജ്യത്തിനായി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കായിക താരങ്ങൾക്കായി. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം പ്രത്യേകം പരാമർശിക്കുന്നു. 80ലേറെ ചെസ് ഗ്രാൻഡ്മാസ്റ്റർമാർ ഇന്ന് നമുക്കുണ്ട്.
മുദ്രാ യോജനയിലൂടെ പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. വ്യവസായ മേഖലയിൽ വലിയ പുരോഗതി കൈവരിക്കാൻ രാജ്യത്തിനായി .വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി. സ്കിൽ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ കഴിഞ്ഞ 10 വർഷത്തിനിടെ ആരംഭിച്ചു.
കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കി.തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ പദ്ധതികൾ സർക്കാർ ലഭ്യമാക്കി. ഇവർക്ക് വായ്പ ലഭ്യമാക്കി. വ്യവസായ മേഖലയിൽ വൻ പുരോഗതിയുണ്ടായെന്നും ധനമന്ത്രി.
വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നല്‍കി.പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി സർക്കാർ പ്രയത്നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ധനമന്ത്രി നിർമല സീതാരാമൻ.