ജിദ്ദ: ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശനമേളയായ ‘സൗദി ഹൊറീക 2024’ ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ ജിദ്ദയിൽ നടക്കും. ലബനാൻ, ജോർഡൻ, കുവൈത്ത്, ഒമാൻ, സൗദിയിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക ആതിഥേയ പ്രദർശനമേളയാണ് ഹൊറീക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാർ, ആതിഥേയ ഉൽപന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്ധർ, ഭക്ഷണ നിർമാണത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സമ്മേളന നഗരിയായിരിക്കും സൗദി ഹൊറീക.
ശിൽപശാലകൾ, പാചകകലാ പ്രദർശനം, ബാരിസ്റ്റ മത്സരം തുടങ്ങി വിവിധ പരിപാടികൾ മേളയിൽ നടക്കും. പ്രാദേശികവും അന്തർദേശീയവുമായ പ്രദർശകരെയും സന്ദർശകരെയും പ്രധാന വ്യവസായ പ്രവർത്തകരെയും മേള ആകർഷിക്കും.
ജി.സി.സി രാജ്യങ്ങളിൽ ബേക്കറി ഉൽപന്ന മെഷിനറികളുടെ നിർമാണരംഗത്ത് മുൻനിരയിലുള്ള മലയാളി സംരംഭകരായ അൽ ഹസ്മി ഇൻറർനാഷനൽ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ പങ്കെടുക്കാനും അവരുടെ രുചികരമായ പാചകത്തിന്റെ സ്വാദറിയാനും വിവിധയിനം ലൈവ് മത്സരങ്ങളിൽ പങ്കെടുക്കാനും നൂറുകണക്കിന് സന്ദർശകർ മേളയിലെത്തും. സൗദി ഇവൻറ് മാനേജ്മെൻറ് ആൻഡ് മാർക്കറ്റിങ് കമ്പനി സംഘടിപ്പിക്കുന്ന ത്രിദിന മേള ജിദ്ദ മദീന റോഡിലെ വിശാലമായ സൂപ്പർ ഡോമിലാണ് നടക്കുക. വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പ്രദർശനം. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മേളയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. മേള സന്ദർശിക്കാനുദ്ദേശിക്കുന്നവർ https://www.saudihoreca.com/Jeddah/EN/index.html വെബ്സൈറ്റ് വഴി നേരത്തേ രജിസ്റ്റർ ചെയ്യണം.
ഈ വർഷത്തെ രണ്ടാമത്തെ ‘സൗദി ഹൊറീക’ ഭക്ഷ്യമേള നവംബർ 25 മുതൽ 27 വരെ റിയാദിൽ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു