ആഹാരം കഴിച്ച ശേഷം ഒരു സംതൃപ്തി ലഭിക്കാൻ വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യും. അതൊരു ശീലമായതു കൊണ്ട് തന്നെ എല്ലാ ദിവസവും നമ്മളിത് ആവർത്തിക്കുന്നുണ്ട്. ഇവ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ആഹാരം കഴിച്ചതിനു ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം?
വർക്ഔട്ട് വേണ്ട
വയറു നിറഞ്ഞ അവസ്ഥയിൽ വർക്ഔട്ട് ചെയ്യരുത്. ഇത് അലസത തോന്നാനേ സഹായിക്കൂ. വയറിന് അസ്വസ്ഥതയും അനുഭവപ്പെടും.
ഉറക്കം
എങ്ങനെയെങ്കിലും ഒന്നു കഴിച്ചു തീർത്ത് ബെഡിലേക്കു ചായാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് രാത്രി ഭക്ഷണം കഴിച്ച ഉടൻ. ഇതാകട്ടെ വയറ്റിൽ ആസിഡ് കെട്ടിനിൽക്കുന്നതിനു കാരണമാകുന്നു. രാത്രി 8 മണിക്കു മുൻപ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നൽകിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ രീതി നിങ്ങളുടെ ചയാപചയ പ്രവർത്തനങ്ങൾക്കു കരുത്തേകും.
read also വിറ്റാമിന് ഡി കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം?
വെള്ളംകുടി
ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കുന്ന രീതിയാണ് നമ്മളിൽ പലരും പിന്തുടരുന്നത്. എന്നാൽ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. നമ്മുടെ ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവർ പറയുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോൾ ഈ പ്രവർത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞു മതി ഇനി വെള്ളംകുടി.
ഫ്രൂട്ട്സ്
ആഹാരശേഷം ഏതെങ്കിലുമൊക്കെ ഫ്രൂട്ട്സ് കഴിക്കുന്നവരും കുറവല്ല. ഫലവർഗങ്ങൾ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയമില്ല. എന്നാൽ ഇവ ആഹാരം കഴിച്ച ഉടൻ വേണ്ടെന്നു മാത്രം. ഫ്രൂട്ട്സ് കഴിക്കാൻ ഏറ്റവും നല്ലത് കാലിയായ വയറാണ്. ഇവ ദഹിക്കാൻ പല തരത്തിലുള്ള എൻസൈമുകൾ ആവശ്യമാണ്. ആഹാരം കഴിച്ച ഉടൻ ഇവ കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കാതെ വരുന്നു. ഇതാകട്ടെ ഇൻഡൈജഷൻ, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നു.
പുകവലി
ആഹാരം കഴിച്ച ഉടൻ ഒരു പുക നിർബന്ധമാണ് – മിക്ക പുകവലിക്കാരും സാധാരണ പറയുന്ന ഒരു കാര്യമാണിത്. ആഹാരത്തിനു മുൻപും ശേഷവും പുകവലി വേണ്ട. ആഹാരം കഴിച്ച ഉടൻ പുകവലിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സിഗററ്റിൽ അടങ്ങിയിരിക്കുന്ന കാർസിനോജനുകൾ കാൻസറിലേക്കു നയിക്കും.
read also എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? ഈ ലക്ഷണം തള്ളി കളയരുത്