ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒരു ഗ്രാമസേവകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ വെസ്റ്റ് ജില്ലയോട് ചേർന്ന ലാംഷാങ് മേഖലയിലെ കദങ്ബാൻഡ് ഗ്രാമത്തിലെ ഇവരുടെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.
തോക്കുധാരികളുടെ ആക്രമണത്തെതുടർന്ന് ക്യാമ്പിലുള്ളവർ തിരിച്ചും വെടിയുതിർത്തു. പരസ്പരം നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഗ്രാമസേവകൻ കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തെത്തുടർന്ന് പിൻവാങ്ങിയ അക്രമികൾ വീണ്ടും സംഘടിച്ചെത്തി ആക്രമണം നടത്തി.
















