ഹൂസ്റ്റണ്‍ ∙ ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത് യുഎസില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. ആരോപണ പ്രത്യോരോപണങ്ങളുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ പുതിയൊരു വിഷയമായി ഇതു വികസിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
യുഎസ് സൈനികരുടെ മരണത്തില്‍ ശക്തമായ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു കഴിഞ്ഞു. ബൈഡനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ട്രംപ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റിരുന്നു. സൈനികരുടെ വേർപാടിൽ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പേജില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തെ ‘അമേരിക്കയ്ക്ക് ഭയാനകമായ ദിനം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്റെ വിദേശനയത്തെ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം, ആക്രമണത്തിന് കാരണം ബൈഡന്റെ ബലഹീനതയാണെന്നും ഇറാനെതിരെയുള്ള തന്റെ ഭരണകൂടത്തിന്റെ ‘പരമാവധി സമ്മര്‍ദ്ദം’ എന്ന നയത്തില്‍ നിന്നുള്ള വ്യതിചലനത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക സ്രോതസ്സുകള്‍ നല്കി ഇറാനെ ശാക്തീകരിക്കുകയാണ് ബൈഡന് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ ഇത്തരമൊരു ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. യുക്രെയ്നിലെ സാഹചര്യവും ആഗോള സമാധാനത്തിന്റെ വിശാലമായ സ്ഥിരതയും ഉള്‍പ്പെടെ ബൈഡന്റെ നയങ്ങളുടെ വിശാലമായ വിമര്‍ശനവുമായി ഇതിനെ ബന്ധപ്പെടുത്തി. ‘ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഈ ആക്രമണം ഒരിക്കലും സംഭവിക്കില്ല, യുക്രെയ്നിലെ യുദ്ധം ഒരിക്കലും സംഭവിക്കില്ല. ലോകം മുഴുവനും സമാധാനവും ഉണ്ടാകും. ഇപ്പോഴെന്താണ് അവസ്ഥ. നമ്മള് മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണ്.’- ട്രംപ് കുറിച്ചു.
ആക്രമണത്തെത്തുടര്‍ന്ന്, സെനറ്റര്‍ ടിം സ്കോട്ടും പ്രതിനിധി മൈക്ക് റോജേഴ്സും ഉള്‍പ്പെടെയുള്ള പ്രമുഖ റിപ്പബ്ലിക്കന്മാര് ഇറാനെതിരെയും അതിന്റെ സേനയ്ക്കെ തിരെയും ഉറച്ച നിലപാട് ആവശ്യപ്പെട്ട് ട്രംപിന്റെ വികാരങ്ങള്‍ ആവര്‍ത്തിച്ചു. യുഎസിനും സഖ്യസേനയ്ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് നിര്‍ണ്ണായക തിരിച്ചടിക്ക് അവര്‍ ആഹ്വാനം ചെയ്തു. ഒക്ടോബര്‍ ആദ്യം ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം വെടിവയ്പ്പില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. സംഘര്‍ഷം തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രസിഡന്റ് ബൈഡന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ അടുത്തിടെ നടന്ന സംഭവത്തിൽ ബൈഡനെ വിമര്‍ശിച്ചു. ട്രംപ് ഇതിനെ ‘ജോ ബൈഡന്റെ ബലഹീനതയും കീഴടങ്ങലും’ എന്നാണ് വിശേഷിപ്പിച്ചത്.
ഒക്ടോബര്‍ പകുതി മുതല്‍, ഇറാഖിലും സിറിയയിലും യുഎസിനെയും സഖ്യസേനയെയും ലക്ഷ്യമിട്ട് 150-ലധികം ആക്രമണങ്ങള്‍ നടന്നതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു