തിരുവനന്തപുരം: തിരുവനന്തപുരത്ത് താൻ തന്നെ സ്ഥാനാർഥി എന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻ തന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോണ്‍ഗ്രസിനു മുമ്പില്‍ ഇല്ലല്ലോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്. ഞാൻ എന്തായാലും ഇവിടത്തെ എം.പി. ആയിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ഏഴെട്ട് ചടങ്ങില്‍ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയില്‍ നിങ്ങള്‍ പ്രചാരണമായി കണ്ടോളൂ. എന്നാല്‍, ഞാൻ എന്റെ ജോലി ചെയ്യുകയാണ്’, തരൂർ പറഞ്ഞു.