BRAIN CHIP ലോകത്തിലാദ്യമായി മനുഷ്യനിൽ ബ്രെയിൻ ചിപ്പ്: ഇലോൺ മസ്ക്ക്

ഏറെ പരീക്ഷണങ്ങൾക്കുശേഷം ഇലോൺ മസ്കിന്‍റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്‍റെ തലച്ചോറിൽ ഘടിപ്പിച്ചു. രോഗിയിൽ ബ്രെയിൻ-ചിപ്പ് സ്ഥാപിച്ചെന്നും ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോൺ മസ്ക് അറിയിച്ചു. പ്രതീക്ഷ നൽകുന്നതാണ് ആദ്യ ഫലങ്ങളെന്നും മസ്ക് എക്സിൽ കുറിച്ചു.

മനുഷ്യന്‍റെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരനായ മസ്ക് 2016-ൽ സ്ഥാപിച്ച ന്യൂറോ ടെക്‌നോളജി കമ്പനിയാണ് ന്യൂറാലിങ്ക്.

READ MORE ടെക്ക് ലോകം കീഴടക്കാൻ വരുന്നു: സര്‍ക്ള്‍ ടു സേര്‍ച്

ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിക്ക് ലഭിച്ചത്. പദ്ധതിയുമായി സഹകരിച്ച് തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു.

ഇതിനായുള്ള റജിസ്ട്രേഷൻ ഫോം കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തിരുന്നു. തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്നതിനായി എത്ര രോഗികളെ എൻറോൾ ചെയ്യുമെന്ന് ഗവേഷകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രെയിൻ ചിപ്പ് കുരങ്ങൻമാരിൽ പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിനെതിരെ യു.എസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. ചിപ്പുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ അങ്ങേയറ്റം പീഡിപ്പിക്കുന്നതായി സംഘടന പറഞ്ഞിരുന്നു.

തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാൽ അവ ഫേഷ്യൽ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും മൃഗസ്നേഹികൾ ആരോപിച്ചിരുന്നു. ന്യൂറാലിങ്ക് നിർമിച്ച ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ വെർച്വൽ കീബോർഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോൺ മസ്ക് പുറത്തുവിട്ടിരുന്നു.