ഷാർജ∙ ഹംദ തര്യം മത്തർ തര്യം ഇന്ന് യുഎഇയുടെ നോവാണ്. എമിറാത്തി ഡ്രാഗ് റേസിങ് കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അംഗമായ ഈ സ്വദേശി യുവതി ഏവരെയും ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം ഈ ലോകത്ത് നിന്ന് വിട പറഞ്ഞെങ്കിലും അവർ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിയിരിക്കുകയാണ് ഷാർജ.
ഈ മാസം 27 നാണ് 24 വയസ്സുകാരി അന്തരിച്ചത്. ‘ദ് ഫാസ്റ്റസ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെ പ്രശസ്തി നേടിയ ഇവർക്ക് അധികമാരുമറിയാത്ത മറ്റൊരു വശമുണ്ടായിരുന്നു; ഒരു മനുഷ്യസ്നേഹിയുടെ. അവരുടെ വിയോഗത്തോടെ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങളും ഫൗണ്ടേഷൻ പ്രോജക്റ്റുകളും ഉപേക്ഷിക്കപ്പെടുമോ എന്നതായിരുന്നു പരിചയമുള്ളവരുടെ ആശങ്ക. ഉഗാണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹംദയുടെ പദ്ധതികൾ പൂർത്തിയാക്കാൻ ഷാർജ ചാരിറ്റബിൾ സൊസൈറ്റി മുഖേന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 ലക്ഷം ദിർഹം അനുവദിച്ചു. ഇതോടൊപ്പം ഹംദയുടെ പിതാവ് തര്യം മതർ തര്യത്തിനും കുടുംബാംഗങ്ങൾക്കും ഭരണാധികാരി അനുശോചനം അറിയിച്ചു.
∙ ഹംദ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ഇൻവെസ്റ്റ്മെന്റ്
ഹംദ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിലൂടെ വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമിട്ട ഉഗാണ്ടയിലെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയായിരുന്നു ഹംദ. 2022 മാർച്ചിൽ എമിറേറ്റ്സ് കസ്റ്റം ഷോ എക്സിബിഷനിൽ ഉഗാണ്ടയിലെ മസ്ക മേഖലയിലെ ഒരു വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനായി ഹംദ വൊക്കേഷണൽ ആൻഡ് സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഒരു പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. അനാഥരായ വിദ്യാർഥികൾക്ക് സൗജന്യ പ്രഫഷണൽ പരിശീലനം നൽകാനും തൊഴിൽ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. പ്രോജക്ടിൽ നിന്നുള്ള എല്ലാ വരുമാനവും ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന മാനുഷികവും ജീവകാരുണ്യവുമായ പ്രോജക്ടുകളിലേക്കാണ് എത്തിച്ചേരുക.
അനാഥർക്കായുള്ള ‘തര്യം സ്കൂൾ’ പദ്ധതിയുടെ തുടർച്ചയായ ഈ സ്ഥാപനം ഫൗണ്ടേഷൻ മുൻപ് പൂർത്തിയാക്കിയ ഒട്ടേറെ മാനുഷിക പദ്ധതികളുടെ ഭാഗമാണ്. അനാഥർക്കായുള്ള പദ്ധതി എല്ലാ തലങ്ങളിലുമുള്ള 350 ആൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നു. 800,000 ദിർഹം ചെലവ് വരുന്ന നഗരത്തിനായുള്ള ഒരു ലാഭേച്ഛയില്ലാത്ത ആശുപത്രി പദ്ധതിയും ഫൗണ്ടേഷൻ പൂർത്തിയാക്കി. 2020 നവംബർ 11-ന് പ്രവർത്തനം ആരംഭിച്ച ആശുപത്രി 3 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5,000 പ്രസവങ്ങൾ നടത്തുകയും ചെയ്തു. താൻ നിർമിച്ച സ്കൂളിൽ അനാഥക്കുട്ടികളടക്കം യൂണിഫോമിട്ട് പോകുന്നത് കണ്ട് ആഹ്ളാദം പ്രകടിപ്പിച്ച ഹംദ, ഒടുവിൽ അവരെയെല്ലാം കരയിപ്പിച്ചാണ് വിട പറഞ്ഞത്. മാനുഷിക സ്നേഹിയെന്ന നിലയിൽ സ്മരിക്കപ്പെടുന്ന ഈ യുവതിക്ക് സമൂഹമാധ്യമത്തിൽ ആദരാഞ്ജലികൾ പ്രവഹിക്കുന്നു.
∙ ഹംദ ചെറുപ്പമായിരുന്നു; മിടുക്കിയായ മനുഷ്യസ്നേഹിയും
ഹംദ ചെറുപ്പമായിരുന്നു; വളരെ മിടുക്കിയുമായിരുന്നു–ഹംദയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ക്യാപ്റ്റൻ ഒമർ അൽ അത്താറിന്റെയാണ് വേദനപുരണ്ട ഈ വാക്കുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയ പദ്ധതികൾ ഹംദ സ്വപ്നം കണ്ടിരുന്നു. 10 വ്യത്യസ്ത രാജ്യങ്ങളിലായി 10 ആശുപത്രികൾ നിർമ്മിക്കാൻ അവൾ ആഗ്രഹിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാലും താൻ തുടങ്ങി വച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ ബാധിക്കപ്പെടാതെ തുടരുന്ന തരത്തിലാണ് ഹംദ എല്ലാം ആസൂത്രണം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു