രാജകുമാരി: ഭൂപതിവ് നിയമം ലംഘിച്ചതിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾക്കു ഹൈക്കോടതി വിലക്കേർപ്പെടുത്തുകയും ചെയ്ത ശാന്തൻപാറയിലെ ഓഫിസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി സിപിഎം. പുറമ്പോക്ക് കയ്യേറിയാണ് മതില്‍ നിർമിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മതിൽ പൊളിച്ചുനീക്കിയത്.
താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നുവെന്നുമായിരുന്നു കണ്ടെത്തൽ. നിർമാണ നിരോധനം നിലനിൽക്കുന്ന വില്ലേജിൽ ഗാർഹികേതര ആവശ്യത്തിനാണ് നിർമാണമെന്നും കയ്യേറ്റം നടന്നെന്നും ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സിപിഎം ഓഫിസിന് നിർമാണത്തിന് നിരാക്ഷേപപത്രം (എൻഒസി) നിഷേധിച്ചിരുന്നു. ശാന്തൻപാറ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിൽക്കുന്ന വിവാദങ്ങൾക്ക് ഒടുവിലാണ് സംരക്ഷണ ഭിത്തി പൊളിച്ച് പ്രശ്നം തണുപ്പിക്കാനുള്ള സിപിഎം ശ്രമം.
Read also: സിനിമകളിലെ പുകവലി: ഹൈക്കോടതിയില്‍ ഹര്‍ജി, നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
2022 നവംബർ 25നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിൽ ശാന്തൻപാറ ടൗണിലുള്ള 8 സെന്റ് ഭൂമിയിൽ ബഹുനില ഓഫിസ് മന്ദിരം നിർമിക്കുന്നതിനെതിരെ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ കെട്ടിടം നിർമിച്ചതിനായിരുന്നു നടപടി. എന്നാൽ ഇത് അവഗണിച്ച് വീണ്ടും നിർമാണം തുടർന്നു. ഭൂപതിവ് ചട്ടം ലംഘിച്ച് സിപിഎം ഓഫിസ് നിർമിക്കുന്നതിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് 22ന് അതിജീവന പോരാട്ടവേദിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഭൂസംബന്ധമായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുൻപിൽ പരാതി ഉന്നയിച്ചു.
പരാതി പരിഗണിച്ച കോടതി നിർമാണ പ്രവർത്തനങ്ങൾ വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ കോടതി വിലക്ക് ലംഘിച്ച് അന്നു രാത്രി തന്നെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടർന്നു. ഇതു മാധ്യമങ്ങളിൽ വാർത്തയാകുകയും അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പിറ്റേന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും വിഷയത്തിൽ ഇടപെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഇനിയാെരുത്തരവുണ്ടാകും വരെ ശാന്തൻപാറയിലെ സിപിഎം ഓഫിസ് തുറന്നു പ്രവർത്തിക്കരുതെന്നും ഉത്തരവിട്ടു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ടർ കത്ത് നൽകിയതിനു ശേഷം നിർമാണം നടത്തിയിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം.
















