മലയാള സിനിമയിൽ ഹാസ്യരംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു മാള അരവിന്ദൻ. അദ്ദേഹം ഓർമ്മയായിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്നു.
തന്റെ പേരിനൊപ്പം മാള എന്ന തന്റെ സ്വന്തം നാടിന്റെ പേരും അഭിമാനമായി കൂടെക്കൂട്ടിയ വ്യക്തിത്വമായിരുന്നു മാള അരവിന്ദൻ. കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാർ, മാള അരവിന്ദൻ ഈ കോംബോ ആയിരുന്നു ഒരു കാലത്തു മലയാളത്തിന്റെ ഹാസ്യ തരംഗങ്ങളായി മിന്നിയിരുന്നത്.
സല്ലാപത്തിലെ ആശാരി, മീശ മാധവനിലെ മുള്ളാണി പപ്പൻ തുടങ്ങിയ മാള അരവിന്ദൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ മലയാളിയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.
ഓരോ കഥാപാത്രങ്ങളിലും മാള അരവിന്ദൻ പുലർത്തിയ സത്യസന്ധത മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളുടെ പട്ടികയിൽ മുൻനിരയിൽ എത്താൻ അദ്ദേഹത്തെ സഹായിച്ചു. നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾ മലയാള സിനിമയുടെ ഭാഗമായിരുന്നു മാള അരവിന്ദൻ. തബലയോടുള്ള പ്രണയം അദ്ദേഹത്തെ നാടകക്കാരനാക്കി.
ഒമ്പത് വർഷങ്ങൾക്ക് മുൻപ് തന്റെ എഴുപത്തിയാറാം വയസ്സിലാണ് മാള അരവിന്ദൻ ഹാസ്യലോകത്തോട് വിട പറയുന്നത്. ചിരിക്കു പിന്നിലൊരു നോവുണ്ടാകുമെന്ന പതിവ്, അരവിന്ദൻ എന്ന മാളക്കാരനും ശരിവച്ചിരുന്നു. ശബ്ദത്തിലും, ചലനത്തിലും മാളയുടെ ശൈലി ചിരിയോടു ചേർന്നുനിന്നിരുന്നു.
ചിരിക്കിടയിലും നെഞ്ചിൽ തീ കോരിയിടുന്ന തരത്തിലുള്ള കഥാപാത്രങ്ങളും മാള അവതരിപ്പിച്ചിരുന്നു. ഭൂതകണ്ണാടി, ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങിയ സിനിമകൾ അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു.
അവസാനകാലത്ത് ഗോഡ് ഫോർസെയിലിലെ സഖാവായും ലാൽ ബഹദൂർ ആന്റ് ശാസ്ത്രിയിലെ ഇടനിലക്കാരനായും മാള തിരിച്ചുവരവറിയിച്ചു.
പക്ഷെ, കാലൊന്നനക്കി, മുണ്ടിൻറെ പാതി കയ്യിലെടുത്ത് മറുകൈകൊണ്ട് മുടിയിലൊന്ന് തൊട്ട് പ്രേക്ഷകനെ ചിരിപ്പിക്കാൻ മാളയില്ല. നിസ്സഹായതയിലും നിശബ്ദതയിലും ചിരി സൃഷ്ടിക്കാൻ കഴിയുന്ന അപൂർവംചിലരിലൊരൊൾ അങ്ങനെയാണ് മാളയെ മലയാളസിനിമ ലോകം എന്നും ഓർക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ