നത്തിങ് ഫോൺ സീരീസിലേക്ക് ഒരു ബജറ്റ് മോഡൽ കൂടി കടന്നു വരുന്നു. നത്തിങ് ഫോൺ 1-ന് നിലവിൽ 30,000 രൂപ മുതലാണ് വില. ഫോൺ 2-ന് 40,000 രൂപ മുതലാണ് വിലയാരംഭിക്കുന്നത്, അത് കൊണ്ട് തന്നെ 25,000 രൂപ റേഞ്ചിൽ നത്തിങ് ഫോൺ 2a എന്ന മോഡലുമായി എത്താൻ പോവുകയാണ് കമ്പനി.
ഫോൺ 2a-യുടെ പുതിയ ടിയുവി സർട്ടിഫിക്കേഷനിൽ ഫോണിന്റെ ചാർജിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്കായിരിക്കുകയാണ്. നത്തിങ് ഫോൺ 2-നെ പിന്തുണക്കുന്ന 45വാട്ട് ഫാസ്റ്റ് ചാർജിങ് ഫോൺ 2a-എന്ന മോഡലിലും ഉൾപ്പെടുത്തിയതായാണ് ടിയുവി സർട്ടിഫിക്കേഷനിൽ കാണിക്കുന്നത്. അതുപോലെ യു.എസ്.ബി പവർ ഡെലിവറി സാങ്കേതിക വിദ്യയുടെ (പിഡി ചാർജിങ്) പിന്തുണയുമുണ്ടായിരിക്കും.
120Hz റിഫ്രഷ് റേറ്റും സെന്റർ പഞ്ച്-ഹോൾ ഡിസൈനുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നതിങ് ഫോൺ 2എ-ക്ക്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാകും ഫോൺ ലഭ്യമാവുക. UFS 3.1 പിന്തുണയുമുണ്ടാകും.
രണ്ട് ക്യാമറകളുമായി എത്തുന്ന ഫോണിന് 50MP പ്രൈമറി സെൻസറും 50MP യുടെ തന്നെ അൾട്രാവൈഡ് സെൻസറുമാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് വെർട്ടിക്കൽ രീതിയിലാകും ഫോൺ 2എ-യുടെ ക്യാമറകൾ പിൻഭാഗത്ത് സജ്ജീകരിക്കുക. സോണി IMX615 സെൻസറുള്ള 16 മെഗാപിക്സലിന്റെതാകും മുൻ ക്യാമറ.
പിൻഭാഗത്ത് ഫോൺ 2എ-യിൽ വലിയ മാറ്റങ്ങളുണ്ട്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് ചുറ്റും മൂന്ന് ഗ്ലിഫ് ലൈറ്റുകളുള്ള ഫോൺ 2എയ്ക്ക് പുനർരൂപകൽപ്പന ചെയ്ത ബാക്ക് പാനലാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ മിഡ് റേഞ്ച് ഫോണിൽ ഗ്ലിഫ് ലൈറ്റുകൾ കുറവാണ്.
ഈ വർഷം ഫെബ്രുവരി 27-ന് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഫോൺ ലോഞ്ച് ചെയ്തേക്കും
read also ആരെയും അതിശയിപ്പിക്കും: ഫോൾഡബിൾ ഫോണുകൾ വിലക്കുറവിൽ