തിരുവനന്തപുരം∙ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ കേസ്. ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് കുഴൽനാടന് നോട്ടിസ് നൽകി.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ചിന്നക്കനാൽ സൂര്യനെല്ലിയിൽ പ്രവർത്തിക്കുന്ന എറ്റേർനോ കപ്പിത്താൻ റിസോർട്ടിനോടു ചേർന്ന് 50 സെന്റ് ഭൂമി കയ്യേറിയെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഈ 50 സെന്റ് സർക്കാർ ഭൂമി തിരികെപ്പിടിക്കാൻ ഇടുക്കി കലക്ടർ നിർദേശം നൽകിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് കലക്ടറുടെ നടപടി. ഇതിനിടെയാണ് ഭൂമി കയ്യേറ്റത്തിൽ കേസും റജിസ്റ്റർ ചെയ്തത്.
മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് കഴിഞ്ഞ ദിവസമാണ് റവന്യു വിഭാഗം കലക്ടർക്കു റിപ്പോർട്ട് നൽകിയത്. 2022ൽ മാത്യു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നാണു സൂര്യനെല്ലിയിൽ ഒരേക്കർ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















