ദുബൈ: പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞ വർഷം 320 അപകടങ്ങളുണ്ടായതായി വെളിപ്പെടുത്തി ദുബൈ പൊലീസ്. സംഭവങ്ങളിൽ എട്ടുപേർ മരണപ്പെടുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 33 പേർക്ക് ഗുരുതരവും 155 പേർക്ക് ഇടത്തരവും 151 പേർക്ക് ചെറിയ പരിക്കുമാണുള്ളത്.
നിയമവിരുദ്ധമായി റോഡു മുറിച്ചുകടന്ന സംഭവങ്ങളിൽ 43,817 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. സെപ്റ്റംബറിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതലുണ്ടായത്. 4,591 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മേയിൽ 4,252 നിയമലംഘനങ്ങൾ, ഒക്ടോബറിൽ 4,239, ആഗസ്റ്റിൽ 4,169, നവംബറിൽ 4,045, ജനുവരിയിൽ 3,636, മാർച്ചിൽ 3,564, ജൂലൈയിൽ 3,494, ഫെബ്രുവരിയിൽ 3,251, ഡിസംബറിൽ 2,979, ജൂണിൽ 2,914 എന്നിങ്ങനെയാണ് കാൽനടയാത്രക്കാരെ പൊലീസ് പിടികൂടിയത്. ഏപ്രിലിലാണ് ഏറ്റവും കുറവ് നിയമലംഘകർ (2,683) പിടിയിലായത്. പിടിയിലായവർക്ക് 400 ദിർഹമാണ് പിഴ ചുമത്തപ്പെട്ടത്. നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ കണ്ടെത്താൻ പൊലീസിനെയും സിവിയൻ പട്രോളിങ് അംഗങ്ങളെയും ഉപയോഗിച്ച് ശ്രമം ശക്തമാക്കിയിട്ടുണ്ടെന്ന് മേജർ ജന. സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അപകട സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ ദുബൈ പൊലീസ് വിവിധ ബോധവത്കരണ, വിദ്യാഭ്യാസ സംരംഭങ്ങൾ നടത്തിയതായും എങ്കിലും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്ന ചിലർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈവേകളിലും 80 കി.മീറ്റർ കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കേണ്ട റോഡുകളിലും കാൽനടക്കാർ മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണ്. മുറിച്ചുകടക്കേണ്ടവർ പ്രത്യേകം നിശ്ചയിച്ച സീബ്ര ക്രോസിങ്ങുകളും മറ്റു പെഡസ്ട്രിയൻ സംവിധാനങ്ങളുമാണ് ഉപയോഗിക്കേണ്ടത്. കാൽനട യാത്രക്കാർ കടന്നുപോകേണ്ട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുകയും സൗകര്യമൊരുക്കുകയും ചെയ്തില്ലെങ്കിലും പിഴ ചുമത്തപ്പെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു