ദുബായിൽ കുടുംബസമേതം ഒത്തുകൂടി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ‘വാലിബനും ജയിംസും’ ഒന്നിച്ചപ്പോൾ എന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്ന പ്രതികരണങ്ങൾ.
‘മലൈക്കോട്ടൈ വാലിബന്’ തിയറ്ററുകളിൽ ഓടുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ഒരുമിച്ചു കൂടിയെന്നതും പ്രത്യേകതയാണ്.
ലിജോയുടേതായി വാലിബനു മുമ്പെത്തിയ നൻപകൽ നേരത്തു മയക്കം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജയിംസ്.
എമ്പുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്നതിനു മുൻപാണ് മോഹൻലാൽ ദുബായിൽ എത്തിയത്. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ലെൻസ് മാൻ ഷൗക്കത്തിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണു മമ്മൂട്ടി കുടുംബസമ്മേതം എത്തിയത്.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒരുമിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് നിരവധി ആരാധകരാണ് കണ്ടത്. ഓഡിറ്റർ സനിൽ കുമാറും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റിലീസായ മലൈക്കോട്ടെെ വാലിബൻ ദുബായിലെ പ്രേക്ഷകർക്കൊപ്പമാണ് മോഹൻലാൽ കണ്ടത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ് ഗുൽഷനും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു.
കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ടെെ വാലിബൻ കാണുമെന്ന് മമ്മൂട്ടി പറഞ്ഞു. യു.എസ്സിലേക്കു പോകുന്നതിന് മുന്നോടിയായി മോഹൻലാലിന് കുറച്ച് ദിവസം ദുബായിൽ പരിപാടികളിൽ പങ്കെടുക്കാനുണ്ട്. ഇരുപത്തിയൊൻപതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.
ഒരാഴ്ച്ചയ്ക്ക് മുമ്പ് ഗുരുവായൂരിൽ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് ഇരുവരും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ