ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശർമ. മുന്‍ നായകന് സൗരവ് ഗാംഗുലിയെ മറികടന്നാണ് ഒരു സ്ഥാനം മുന്നോട്ടുകയറിയത്. സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇനി രോഹിതിന് മുമ്പിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 24 റൺസെടുത്ത് ജാക്ക് ലീച്ചിന്റെ പന്തിൽ ബെൻ സ്റ്റോക്സ് പിടിച്ച് പുറത്തായതോടെ താരത്തിന്റെ സമ്പാദ്യം 18,444 റൺസിലെത്തിയിരിക്കുകയാണ്. 490 ഇന്നിങ്സിൽനിന്നാണ് ഇത്രയും റൺസ് നേടിയത്. 485 ഇന്നിങ്സുകളിൽ 18,433 റണ്‍സാണ് ഗാംഗുലി നേടിയത്.
Read also: ഖത്തർ എക്സോൺ മൊബീൽ ഓപൺ 2024 ഫെബ്രുവരി 19ന്; നദാൽ ഉൾപ്പെടെയുള്ള താരങ്ങൾ ദോഹയിൽ കളിക്കും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരിൽ സചിന് തെണ്ടുൽക്കറാണ് ഒന്നാമത്. 782 ഇന്നിങ്സുകളിൽ 34,357 റണ്‍സാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ സമ്പാദ്യം. രണ്ടാമതുള്ള വിരാട് കോഹ്ലി 580 ഇന്നിങ്സുകളിൽ 26,733 റണ്‍സും മൂന്നാമതുള്ള രാഹുൽ ദ്രാവിഡ് 599 ഇന്നിങ്സുകളിൽ 24,064 റണ്‍സും നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 38 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിലാണ്. 80 റൺസെടുത്ത യശ്വസി ജയ്സ്വാളും 24 റൺസെടുത്ത രോഹിത് ശർമയും 23 റൺസെടുത്ത ശുഭ്മൻ ഗില്ലുമാണ് പുറത്തായത്. 41 റൺസുമായി കെ.എൽ രാഹുലും ഒരു റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് നേടി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ൽ 246 റൺസാണ് എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു