ന്യൂഡല്‍ഹി:രാജ്യത്ത് 75-ാമത് റിപ്പബ്ലിക്ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അർപ്പിച്ചു.സംസ്ഥാനത്തും വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്.

തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി വേദിയില്‍ സന്നിഹിതനായിരുന്നു. ഡല്‍ഹിയില്‍ കർത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് 10.30ഓടെ തുടക്കമാകും. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥില്‍ അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.