തിരുവനന്തപുരം: വ്യായാമങ്ങളിലും കളികളിലുമേർപ്പെടുന്ന ചെറുപ്പക്കാർ തങ്ങളുടെ ആരോഗ്യവും ജീവനും സേഫ് ആണെന്ന് ഉറപ്പിക്കാൻ വരട്ടെ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പിക്കൂ. വ്യായാമം മുടക്കമില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരിൽ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് പുതിയ ആശങ്കയായി മാറിയിരിക്കുകയാണല്ലോ. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ഒരു ഫിറ്റ്നെസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ പ്രീജിത്ത് എസ്.പിയും അലക്സ ജോസഫും. മദ്രാസ് ഐഐടിയുടെ സഹായത്തോടെ വികസിപ്പിച്ച വേറിട്ട ഫിറ്റ്നെസ് ആപ്പായ നെട്രിൻ കായിക പ്രേമികൾക്കായി ഇവർ പരിചയപ്പെടുത്തുകയാണ് രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്ന സ്പോർട്സ് എക്സ്പോയിൽ.