ഇലക്കറികളിൽ വിറ്റാമിൻ എ അടങ്ങിയതുകൊണ്ട് തന്നെ ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ പങ്ക് വഹിക്കുന്നു. ഇലക്കറികളിൽ കേമനാണ് മുരിങ്ങയില. മുരിങ്ങയില തോരൻ തയ്യാറാക്കത്തവരായി ആരും തന്നെയുണ്ടാകില്ല, എന്നാൽ ഇതിൽ ഒരു വെറൈറ്റി നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
മുരിങ്ങയില – ഒരു കപ്പ് ,മുട്ട – 3 എണ്ണം ,ചെറിയ ഉള്ളി – 10 എണ്ണം, വെളുത്തുള്ളി – 3 അല്ലി, പച്ച മുളക് – 3- 4എണ്ണം, തേങ്ങ ചിരകയത് – അര കപ്പ്, എണ്ണ – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ, കുരുമളകുപൊടി – 1/4 ടീ സ്പൂൺ, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മുരിങ്ങ ഇല നല്ല പോലെ കഴുകി ,വെള്ളം കുടഞ്ഞ് കളയുക. ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ,1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക് ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക.
ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക. ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക. മുട്ട ചിക്കി,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക. ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക.
5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക. വളരെ സ്വാദിഷ്ടമായ ഒരു തോരൻ ആണിത്,പോഷകപ്രദവും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ