കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞയിടയ്ക്ക് ചെറിയ രീതിയിൽ പരിശീലനം പുനരാരംഭിച്ച പന്ത് വരാനിരിക്കുന്ന ഐപിഎല്ലിൽ കളിച്ചേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പന്തിന്റെ ഐപിഎൽ പങ്കാളിത്തം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തിൽ ഒരു സുപ്രധാന അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് താരത്തിന്റെ ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമസ്ഥരിൽ ഒരാളായ പികെഎസ്വി സാഗർ.
കഴിഞ്ഞ ദിവസം വാർത്ത ഏജൻസിയായ എ എൻ ഐയോട് സംസരിക്കവെയായിരുന്നു ഋഷഭ് പന്ത് ഈ സീസണിൽ ഡെൽഹിക്കായി കളിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാഗർ വ്യക്തമാക്കിയത്. ഋഷഭ് പന്ത് ഡെൽഹിയുടെ ഏറ്റവും പ്രധാന കളിക്കാരനാണെന്നും അദ്ദേഹം കളിക്കുകയാണെങ്കിൽ അത് ഡെൽഹിയെ സംബന്ധിച്ച് വളരെ മികച്ച കാര്യമായിരിക്കുമെന്നും സാഗർ ചൂണ്ടിക്കാട്ടി. മാർച്ച് മാസത്തോടെ പന്ത് പൂർണ ഫിറ്റ്നസിലേക്കെത്തുമെന്നും ഇതിനൊപ്പം ഡെൽഹി ടീമിന്റെ സഹ ഉടമ വ്യക്തമാക്കി.
Read also: കൊറിയയെ പൂട്ടി ജോർഡൻ സെനഗാൾ പ്രീക്വാർട്ടറിൽ
“ഞങ്ങൾ ഏറ്റവും മികച്ചത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവൻ (ഋഷഭ് പന്ത്) ഈ സീസണിൽ കളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കളിക്കുകയാണെങ്കിൽ അവനാണ് ഞങ്ങളുടെ ഏറ്റവും വലിയ താരം. അവനെ ഏറ്റവും മികച്ച നിലയിലാക്കാൻ ഞങ്ങളുടെ പരിശീലകരും ഫിസിയോയും കഠിനാധ്വാനം ചെയ്യുന്നു. അവൻ അതിവേഗം സുഖം പ്രാപിക്കുന്നുണ്ട് എന്നതാണ് ഏറ്റവും മികച്ച കാര്യം. മാർച്ചോടെ അവൻ പൂർണമായും ഫിറ്റാകുമെന്നും ഞങ്ങൾക്ക് വേണ്ടി കളിക്കുമെന്നും പ്രതീക്ഷിക്കുന്നു.” സാഗർ പറഞ്ഞുനിർത്തി.
നേരത്തെ ഡെൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് ഡയറക്ടറായ സൗരവ് ഗാംഗുലിയും, ഋഷഭ് പന്ത് വരാനിരിക്കുന്ന ഐപിഎല്ലിൽ കളിച്ചേക്കുമെന്ന് സൂചനകൾ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ടീമിന്റെ സഹ ഉടമസ്ഥനും ഇത്തരത്തിൽ സൂചന നൽകിയതോടെ ആവേശത്തിലായിരിക്കുന്നത് ഋഷഭ് പന്തിന്റെയും ഡെൽഹി ക്യാപിറ്റൽസിന്റെയും ആരാധകരാണ്.
ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ഋഷഭ് പന്തിന് മികച്ച റെക്കോഡാണ് ലീഗിലുള്ളത്. മൊത്തം 98 ഐപിഎൽ മത്സരങ്ങളിൽ ഡെൽഹി ജേഴ്സിയണിഞ്ഞ ഈ ഇരുപത്തിയാറുകാരൻ 34.61 ബാറ്റിങ് ശരാശരിയിൽ 2838 റൺസ് നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു