നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ അഭിമുഘ്യത്തിൽ തിരുവനന്തപുത്ത് റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം, ജന്മദേശം എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും നീ ഭാരതീയർ എന്ന നിലയിൽ നാം ഒന്നിച്ചു നിൽക്കുന്നു.
കേരളത്തിന് മഹത്പാതായ ഒരു പാരമ്പര്യമുണ്ട്. സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളം സന്ദർശിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന സംഘം ഇതൊരു വിനോദയാത്രയായി മാത്രം കരുതരുത്. മറിച്ച് കേരളത്തിന്റെ സംസ്കാരത്തെ അടുത്ത് അറിയാനും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള അവസരമായി മാറ്റണമെന്നും ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി ശ്രീ പ്രണബ് ജ്യോതി നാഥ്, സംസ്ഥാന കായിക – യുവജനകാര്യ വകുപ്പ് ഡയറക്ടർ ശ്രീ രാജീവ് കുമാർ ചൗധരി, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ ശ്രീ എം.അനിൽ കുമാർ, തിരുവനന്തപുരം നഗരസഭ കൗൺസിലർ ശ്രീമതി ആശനാഥ് ജി എസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശ്രീ രാജ് കുമാർ ,നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസർ ശ്രീ സന്ദീപ് കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം,യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര സംഘാതൻ തുടങ്ങിയവ സംയുക്തമായിയാണ് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കാണാനും സംസ്കാരങ്ങളെ അടുത്തറിയാനും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാക്കി യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 20 മുതൽ 26 വരെ നടക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയിൽ ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള 200 – ഓളം യുവതി യുവാക്കൾ പങ്കെടുക്കുന്നുണ്ട്. ഇവരോടൊപ്പം സി.ആർ.പി. എഫ്, ബി എസ്.എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്.
വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾ കേരള നിയമസഭാ, വിക്രം സാരാഭായ് സ്പേസ് സെൻ്റർ, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, സയൻസ് ഫെസ്റ്റിവൽ എന്നിവ സന്ദർശിക്കും. കൂടാതെ സംഘത്തിന് കോവളം ബീച്ച്, മ്യൂസിയം, തിരുവനന്തപുരം മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.