പാലക്കാട്: പാലക്കാട് ദേശീയപാതയിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 90 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു യുവാക്കളെ കസബ പൊലീസ് പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ആയിരുന്നു പ്രതികളുടെ ശ്രമം.
കാറിന്റെ അറകളിൽ ബണ്ടിലുകളായി 500 രൂപയുടെ നോട്ട് കെട്ടുകൾ കോയമ്പത്തൂരിൽ നിന്നും സീറ്റിനടിയിലെ അറയിൽ അടുക്കിവെച്ച പണം മലപ്പുറത്തെത്തിക്കാനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ ദേശീയപാതയിൽ പൊലീസിന്റെ പരിശോധനയിൽ ഈ ശ്രമം പാളി.
ആദ്യം വാഹനം നിർത്താതെ പോയെങ്കിലും പൊലീസ് പിന്തുടർന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. പ്രാഥമിക പരിശോധനയിൽ പണമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിയത്.പഴയ സ്വർണം വിറ്റ് കിട്ടിയ പണമാണെന്നായിരുന്നു പ്രതികളുടെ പിന്നീടുള്ള വാദം. എന്നാൽ ഇരുവർക്കും രേഖകൾ ഹാജരാക്കാനായില്ല.
2021 ൽ ദേശീയപാതയിൽ കുഴൽപണ കടത്തുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം നാലരക്കോടിയുമായി കടന്നിരുന്നു. പണം നഷ്ടപ്പെട്ട വാഹനം ഓടിച്ചിരുന്നത് ഇപ്പോള് പിടിയിലായ പ്രതികളിലൊരാളായ നിസാറായിരുന്നു. ദേശീയപാതയിൽ വാളയാറിനും കുരുടിക്കാടിനും ഇടയിൽ നിരവധി തവണയാണ് കുഴൽപ്പണക്കടത്ത് സംഘം ആക്രമണത്തിന് ഇരയായിട്ടുള്ളത്. എന്നാൽ ഇതെല്ലാം മറികടന്ന് നിരവധി തവണ പണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് പ്രതികളുടെ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് കസബ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു