ദില്ലി: അസമില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം. അസമിലെ ലഖിംപൂരിലാണ് സംഭവം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വാഹനങ്ങള്‍ തകർത്തത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഗുണ്ടകളെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. തെളിവുകള്‍ കൈയ്യിലുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത്‍വിട്ട് കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് കനക്കുന്നതിനിടെയാണ് സംഭവം. അതേസമയം, രാഹുലിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ രംഗത്തെത്തി. ഗാന്ധി കുടുംബത്തേക്കാളും വലിയ അഴിമതിക്കാർ വേറെയില്ലെന്ന് അസം മുഖ്യമന്ത്രി ആരോപിച്ചു. ബോഫോഴ്സ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അഴിമതികളുടെ പട്ടിക നീണ്ടതാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അധിക്ഷേപം തനിക്ക് അനുഗ്രഹമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഹിമന്ദ ബിശ്വ ശർമയാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് പ്രചാരണത്തിലാണ് പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു