ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിലെ രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ തോറ്റതിനു പിന്നാലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ മിക്സഡ് സോണിൽ കളിക്കാരുടെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയിലെയും ഉസ്ബകിസ്താനിലെയും മാധ്യമപ്രവർത്തകരുടെ സംഘം. ആദ്യമെത്തിയത് ഉസ്ബക് താരങ്ങൾ. തങ്ങളുടെ നാട്ടിൽനിന്നുള്ള മാധ്യമപ്രവർത്തകരുമായി സംസാരിച്ചും വിജയത്തിലെ സന്തോഷം പങ്കുവെച്ചും അവർ നടന്നുനീങ്ങി.
പിന്നെയാണ് ഇന്ത്യൻ ടീം അംഗങ്ങളുടെ വരവ്. തോൽവിയുടെ നിരാശ പ്രകടമായ ശരീരഭാഷ. ആരും മാധ്യമപ്രവർത്തകർക്ക് മുഖം നൽകുന്നില്ല. സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും ഗുർപ്രീതും ഒഴിഞ്ഞുമാറി നടന്നുനീങ്ങി. രണ്ടാം പകുതിയിലിറങ്ങി ഗോളെന്നു തോന്നിപ്പിച്ച മികച്ച നീക്കങ്ങളുമായി പ്രതീക്ഷ നൽകിയ കെ.പി. രാഹുലിനെ പേരെടുത്തു വിളിച്ചുവെങ്കിലും ഇന്ന് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് നടന്നു.
Read also:മെസ്സിക്കൊപ്പം സുവാറസും, മയാമിക്ക് സമനിലത്തുടക്കം
ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ മികച്ച പ്രതിരോധം പുറത്തെടുത്ത് തോൽവിഭാരം കുറച്ച ഇന്ത്യൻ ടീം രണ്ടാം അങ്കത്തിൽ കൂടുതൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മത്സരശേഷമുള്ള അവരുടെ ശരീരഭാഷ തന്നെ പറയുന്നു. ഒരു സമനില, അല്ലെങ്കിൽ തോൽവിഭാരം കുറക്കാൻ ഒരു മറുപടി ഗോൾ. ഗാലറിയിൽ ആരവമായെത്തിയ 38,000ത്തോളം ആരാധകർ പ്രതീക്ഷിച്ചതൊന്നും നൽകാൻ കഴിയാത്തതിന്റെ നിരാശയുമായാണ് രണ്ടാം അങ്കം കഴിഞ്ഞ് കോച്ച് ഇഗോർ സ്റ്റിമാകും കുട്ടികളും കളംവിട്ടത്.
കരുത്തരായ ആസ്ട്രേലിയക്കെതിരെ മികച്ച പ്രതിരോധം നടത്തിയ ആത്മവിശ്വാസവുമായാണ് ടീം രണ്ടാം അങ്കത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിലും മറ്റും ടീം അംഗങ്ങൾ മികച്ച പ്രകടനവും ഒത്തിണക്കവും ആത്മവിശ്വാസവും പ്രകടിപ്പിച്ചതായി കോച്ച് സ്റ്റിമാക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേ ആത്മവിശ്വാസവുമായി ഉസ്ബകിസ്താനെതിരെ ബൂട്ടുകെട്ടിയെങ്കിലും ആദ്യ മിനിറ്റിൽ വഴങ്ങിയ ഗോൾ ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
എതിരാളികൾ, ചെറിയ അവസരങ്ങൾപോലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയപ്പോൾ, പന്തു കൈവശംവെക്കാനും, മുൻമത്സരത്തേക്കാൾ കൂടുതൽ പാസുകളും സെറ്റ്പീസുകളും സൃഷ്ടിക്കാനും കഴിഞ്ഞിട്ടും ഇന്ത്യക്ക് ഒരു തവണപോലും ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. മാത്രമല്ല, പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തി കുതിച്ചുകയറുന്ന എതിരാളിയെ തടയാനും സന്ദേശ് ജിങ്കാനും രാഹുൽ ഭെകെയും പരാജയപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു