മലപ്പുറം: ജില്ല -സംസ്ഥാന -കേന്ദ്ര സഹകരണ ബാങ്കുകളുടെ ഓഡിറ്റിങ്ങിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ പുതിയ മാർഗരേഖയുമായി റിസർവ് ബാങ്ക്. ബാങ്കിങ് റെഗുലേഷൻ (ഭേദഗതി) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുംവിധം പുതിയ നിബന്ധന കൊണ്ടുവന്നത്.
ഇതനുസരിച്ച് സഹകരണ ബാങ്കുകളിലെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ നിയമനത്തിലും പുനർനിയമനത്തിലും അനുബന്ധ നടപടികൾക്കും റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വാങ്ങണം. 2024 ഏപ്രിൽ ഒന്നിനോ ശേഷമോ ആരംഭിക്കുന്ന എല്ലാ അക്കൗണ്ടിങ് കാലയളവുകൾക്കും, റിസർവ് ബാങ്ക് അനുമതിക്കുള്ള അപേക്ഷ ജൂലൈ 31നു മുമ്പ് സമർപ്പിക്കണം. ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കേണ്ട ചുമതല നബാർഡിനാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യിൽനിന്ന് വർഷംതോറും ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക നബാർഡ് ശേഖരിക്കണം. ഇതിൽനിന്ന് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർക്കായി നിശ്ചയിച്ച യോഗ്യതകളുടെ അടിസ്ഥാനത്തിൽ വേണം നബാർഡ് പട്ടിക തയാറാക്കാൻ. ഈ പട്ടികയിൽനിന്നാണ് ഓഡിറ്റർമാരെ തെരഞ്ഞെടുത്ത് ആർ.ബി.ഐ അംഗീകാരത്തിന് സമർപ്പിക്കേണ്ടത്.
Read also: പിഎസ്സി നിയമനങ്ങളിൽ വർധനവ്; കഴിഞ്ഞ വർഷം പിഎസ്സി വഴി അയച്ചത് 34,110 നിയമന ശുപാർശകൾ
ബാങ്ക് ഭരണസമിതിയോ ഭരണസമിതി ചുമതലപ്പെടുത്തിയ ഓഡിറ്റർമാരുടെ പ്രവർത്തനം വർഷംതോറും വിലയിരുത്തണം. ഓഡിറ്ററെക്കുറിച്ച് ബോർഡിന് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ നബാർഡിനെ അറിയിക്കണം. ഒരു വർഷത്തേക്കാണ് ആദ്യം ഓഡിറ്റർമാരെ നിയമിക്കേണ്ടതെന്നും പ്രവർത്തനം തൃപ്തികരമാണെങ്കിൽ രണ്ടു വർഷത്തേക്കുകൂടി നിയമനം നീട്ടാമെന്നും മാർഗരേഖ പറയുന്നു.
കാലാവധിക്കു മുമ്പ് ഓഡിറ്ററെ നീക്കംചെയ്യണമെങ്കിൽ ആർ.ബി.ഐ അനുമതി വാങ്ങണം. ബാങ്കിന്റെ കൺകറന്റ് ഓഡിറ്ററെ അതേ ബാങ്കിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി നിയമിക്കാൻ പാടില്ല.
ഒരു ഓഡിറ്റ് സ്ഥാപനം ഒരു വർഷം പരമാവധി അഞ്ച് സഹകരണ ബാങ്കിന്റേയും ജില്ല ബാങ്കിന്റേയും ഓഡിറ്റ് ഒരു വർഷം ഒരേ ഓഡിറ്റ് സ്ഥാപനം ഒരുമിച്ച് നടത്താൻ പാടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു