ഗസ്സയിൽ വിവിധ ഭാഗങ്ങളിൽ യുദ്ധം ആരംഭിച്ചിട്ട് മാസങ്ങളായി. കാലങ്ങളോളം യുദ്ധത്തിനിടയിൽ ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ അവരുടെ ദുരിതവും, വേദനയും ലോകത്തിന്റെ പല ഭാഗങ്ങളിലായി മുഴങ്ങി കേൾക്കുന്നു. സുരക്ഷിതമെന്ന് കരുതിയ തെക്കൻ ഗാസയിൽ പോലും വെടിയൊച്ചകൾ നിരന്തരം കേട്ട് കൊണ്ടിരിക്കുന്നു
ലോകത്തിലെവിടെയാണ് ഗസ്സയിലെ ജനങ്ങൾക്ക് സുരക്ഷിതരായിരിക്കുവാൻ സാധിക്കുക?
മഗസിയിൽ നിന്നും സൈന്യം താത്കാലികമായി പിൻവാങ്ങിയിരിക്കുന്നു. യുദ്ധത്തിന്റെ ഭീകരത അതെ പടി തന്നെ തുടരുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവരുടെ ശരീരം ചിതറി തെറിച്ചു ഏതെങ്കിലും ഇടങ്ങളിൽ കിടപ്പുണ്ടോയെന്ന് തെരയുകയാണ് മനുഷ്യർ. മഗസി അഭയാർഥി ക്യാമ്പിലെ താമസക്കാർ പറയുന്നത് ഇസ്രായേൽ സൈന്യം കണ്ണ് മുന്നിൽ വച്ച് പ്രിയപ്പെട്ടവരെ വെടി വച്ച് വീഴ്ത്തിയെന്നാണ്
മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമണവും ഉൾപ്പെട്ട ഇസ്രായേൽ ആക്രമണങ്ങളിൽ വീടുകൾ രക്ഷപ്പെട്ടില്ല എന്നതിന്റെ തെളിവാണ് തകർന്ന കോൺക്രീറ്റ് കൂമ്പാരങ്ങളും വ്യാപകമായ നാശത്തിന്റെ ദൃശ്യങ്ങളും. ഇസ്രയേലിന്റെ യുദ്ധം മനുഷ്യനോട് യാതൊരു മാനവികതയും കാണിക്കത്തെതു തന്നെയാണ്. അല്ലെങ്കിൽ തന്നെ ലോകത്തിലെ ഏത് യുദ്ധത്തിനാണ് മനുഷ്യരോട് കരുണ തോന്നിയിട്ടുള്ളത്?
മൂന്ന് മാസത്തിലേറെയായി ഇസ്രായേൽ സൈനികർ വടക്കൻ, മധ്യ, തെക്കൻ ഗാസയുടെ ചില ഭാഗങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഗസി ക്യാമ്പ് നിരവധി തവണ ഇസ്രായേൽ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിൽ 100-ലധികം ആളുകൾ കൊല്ലപ്പെട്ടു, യുദ്ധത്തെ പേടിച്ചു ഇവിടേക്ക് കുടിയേറി വന്ന പലരും മരിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളും.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡസൻ കണക്കിന് പേർ ക്യാമ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ തകർന്ന റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും സഞ്ചരിക്കാൻ ആംബുലൻസുകൾക്ക് കഴിയുന്നില്ല.
യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനികൾ ഇൻ നിയർ ഈസ്റ്റ് (UNRWA) പ്രകാരം ക്യാമ്പിൽ സാധാരണയായി 30,000 പേർ താമസിക്കുന്നുണ്ട്. എന്നാൽ, എൻക്ലേവിന്റെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ നിന്ന് അഭയം തേടി ആയിരക്കണക്കിന് ഫലസ്തീനികൾ അവിടെ എത്തിയതോടെ ക്യാമ്പിലെ ജനസംഖ്യ കുറഞ്ഞത് 100,000 ആയി ഉയർന്നിട്ടുണ്ട്.
ഒക്ടോബർ 7 മുതൽ അഭയാർത്ഥി ക്യാമ്പുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണമാണ്. മധ്യ ഗാസയിലെ നുസെയ്റാത്ത്, ബുറൈജ് ക്യാമ്പുകളും വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പും നിരവധി തവണ ലക്ഷ്യം വച്ചിട്ടുണ്ട്.
ആക്രമണങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. മരണങ്ങൾ കടലിലൊഴുകുന്ന മീൻ പോലെ കുന്നു കൂടി കൊണ്ടിരിക്കുന്നു. മക്കൾക്ക് മാതാപിതാക്കളെ നഷ്ടപ്പെടുന്നു, അമ്മക്ക് മക്കളെ നഷ്ടപ്പെടുന്നു , പരസ്പ്പരം സുഹൃത്തുക്കൾ നഷ്ടപ്പെടുന്നു, കുടുംബം വേരറ്റു പോകുന്നു. ഗാസയിലെ മനുഷ്യർ ആരോടാണ് പരാതി പറയേണ്ടത്? ഗാസയിലെ മനുഷ്യർ ആരോടാണ് നിലവിളിച്ചു പറയേണ്ടത് ?
read also ഗസ്സയിൽ വിശപ്പിന്റെ കരച്ചിലുകൾ: മൃഗശാലയിൽ മനുഷ്യരും മൃഗങ്ങളും