മുഖക്കുരുവും മറ്റു ചർമ പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ പ്രധാന കരണം എന്നു പറയുന്നത് നമ്മുടെ മുഖത്തെ എണ്ണമയമാണ്. ഇത് പലർക്കും ഒരു തലവേദനയുമാണ്. ചിലപ്പോൾ പല ക്രിമുകളും നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവും ഇതു മാറാനായി. ഒറ്റ രാത്രികൊണ്ട് ഈ പ്രേശ്നങ്ങളൊന്നും മാറില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന കുറച്ച് ചേരുവകളുടെ സഹായത്തോടെ ഇതിനെ വളരെ നിസാരമായി മറികടക്കാം. അതിന് ചില ഫെയ്സ് മാസ്ക്കുകളെ പറ്റി അറിഞ്ഞാൽ മതി. ഇനി പറയാൻ പോകുന്നത് അത്തരം ചില ഫേസ് മാസ്കുകളെ കുറിച്ചാണ്….
കറ്റാർ വാഴയും മഞ്ഞളും
ഏതു തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും ഏറ്റവും നല്ല പോംവഴിയാണ് കറ്റാർ വാഴ. അതിനൊപ്പം കുറച്ച് മഞ്ഞൾ കൂടി ചേർത്താൽ ചർമത്തിന്റെ പല പ്രശ്നങ്ങളും മാറ്റാം. കറ്റാർവാഴയുടെ പൾപ്പ് എടുക്കുക. ശേഷം ഇതൊരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പച്ചമഞ്ഞൾ അരച്ചെടുത്തത് ഇതിലേക്ക് ചേർക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് 15–20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.
മുൾട്ടാനി മിട്ടി പനിനീർ
മുൾട്ടാനി മിട്ടിയും പനിനീരും നന്നായി യോജിപ്പിക്കുക. കുഴമ്പ് പരുവത്തിലായ ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യാം.
തേനും നാരങ്ങാനീരും
തേനും നാരങ്ങാനീരും യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളിൽ കൂടുതലായി പുരട്ടുന്നത് നല്ലതാണ്. 15 മിനിറ്റിന് ശേഷം ഇതു കഴുകി കളയാം. ശേഷം മുഖത്ത് സൺസ്ക്രീൻ പുരട്ടാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം. നാരങ്ങാനീര് വെള്ളം ചേർത്ത് നേർപ്പിച്ചതിന് ശേഷം മാത്രമേ മുഖത്ത് പുരട്ടാവു.
കളിമണ്ണും റോസ്വാട്ടറും
എണ്ണമയമുള്ള, മുഖക്കുരു സാധ്യതയുള്ള ചർമങ്ങൾക്ക് കളിമൺ മാസ്കുകൾ ഒരു ആവരണം പോലെ പ്രവർത്തിക്കുന്നു. കളിമണ്ണ് അധിക എണ്ണ ആഗിരണം ചെയ്യുകയും ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കളിമണ്ണിലേക്ക് പനിനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും പുരട്ടാം. ഉണങ്ങിയതിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
കാപ്പിപ്പൊടിയും തേനും
നൂറ്റാണ്ടുകളായി തേൻ ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ചർമത്തിന്റെ സ്വാഭാവികത വീണ്ടെടുക്കുന്നതിന് കാപ്പിപ്പൊടിയും സഹായിക്കും. കാപ്പിപ്പൊടിയും തേനും നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. മുഖക്കുരുവും പാടുകളും ഉള്ള സ്ഥലങ്ങളിൽ കൂടുതലായി പുരട്ടാം. 10–15 മിനിറ്റിന് ശേഷം കഴുകി കളയാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു