യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍മോചിതനായി. സെക്രട്ടറിയേറ്റ് , ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് മോചനത്തിനു കളമൊരുങ്ങിയത്. ഈ മാസം 9 നു രാവിലെയാണ് രാഹുലിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത്.ഇന്നലെ രണ്ടു കേസുകളില്‍ ജാമ്യം, ഇന്നു രണ്ടു കേസുകളിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് ഒന്‍പതു ദിവസത്തെ ജയില്‍വാസം അവസാനിച്ചത്.
അന്‍പതായിരം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, ഇല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിനു ആയിരത്തി മുന്നൂറ്റി അറുപതു രൂപയും കെട്ടിവെയ്ക്കണം, പുറമേ ആറാഴ്ച എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകണം, 25000 രൂപയുടെ ബോണ്ട് എന്നിവയാണ് ഡിജി.പി ഓഫിസ് മാര്‍ച്ച് കേസിലെ ജാമ്യം നല്‍കിയതിനു കോടതി നിബന്ധനകള്‍. രാവിലെ വാദ പ്രതിവാദങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം ഉച്ചയ്ക്കു വിധി പറയാന്‍ മാറ്റുകയായിരുന്നു. അക്രമണത്തിനു നേതൃത്വം നല്‍കിയതു രാഹുലാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവു നശിപ്പിക്കുമെന്നുമായിരുന്നു പ്രധാനപ്പെട്ട സര്‍ക്കാര്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും അറസ്റ്റിനു ശേഷമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നുമായിരുന്നു രാഹുലിന്‍റെ അഭിഭാഷകന്‍ മുന്നോട്ടുവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു