രാമക്ഷേത്ര ഉദ്ഘാടന ദിവസം കോടതികൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ (Bar Council) ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് (Chief Justice of India DY Chandrachud) കത്തയച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തുടനീളമുള്ള മറ്റ് അനുബന്ധ പരിപാടികളിലും പങ്കെടുക്കാനോ നിരീക്ഷിക്കാനോ നിയമ സാഹോദര്യത്തിലെ അംഗങ്ങൾക്കും കോടതി ജീവനക്കാർക്കും അന്നേ ദിവസം അവധി നൽകണമെന്ന് ബാർ കൗൺസിൽ ചെയർമാനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര പറഞ്ഞു. വിഷയത്തിൽ അടിയന്തിര വാദം കേൾക്കണമെന്നും അടുത്ത പ്രവൃത്തി ദിവസത്തേക്ക് വിഷയം പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
”ഈ അഭ്യർത്ഥന അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണിക്കണമെന്നും ജനങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ചരിത്ര സന്ദർഭം അടയാളപ്പെടുത്താൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു” കത്തിൽ പറഞ്ഞു. അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.. ഇതുകൂടാതെ, അയോധ്യ നഗരത്തിന്റെയും രാമക്ഷേത്രത്തിന്റെയും ആകാശ ദർശനവും സംസ്ഥാന സർക്കാർ ഭക്തർക്കായി അവതരിപ്പിക്കും. ടൂറിസം വകുപ്പിനെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ആകാശ ദർശനത്തിന് താൽപ്പര്യമുള്ള ഭക്തർ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മുൻകൂർ ബുക്കിംഗ് നടത്തേണ്ടതുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു