മുംബൈ: മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിലെ കർണാഖേഡി ഗ്രാമത്തിലെ താമസക്കാരുമായി യുവതികളെ വിവാഹം കഴിപ്പിച്ച 35 കാരനെയും പങ്കാളിയേയും ധാരാവി പൊലീസ് അറസ്റ്റ് ചെയ്തു. ഗോവണ്ടി സ്വദേശികളായ ഭോയറും ഐഷയുമാണ് അറസ്റ്റിലായത്. സീരിയലുകളിലെ വധുവിന്റെ വേഷങ്ങൾക്കായി ഓഡിഷൻ നടത്തുകയായിരുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഇവർ വിവാഹ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രാജസ്ഥാനിൽ നിന്ന് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട 21 കാരിയെ ധാരാവി പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതിലുൾപ്പെട്ട മറ്റ് നാലുപേരെ പ്രതികളായ കരൺ ഗംഗാ ബോയ്റും ഐഷയും ചേർന്ന് കബളിപ്പിക്കുകയായിരുന്നു. ധാരാവി സ്വദേശിയെ രക്ഷപ്പെടുത്തിയത് മുതൽ പ്രതികൾ ഇരുവരും വേറൊരു സ്ഥലത്തേക്ക് മാറി താമസിക്കുകയും നിരന്തരം മൊബൈൽ ഫോൺ മാറ്റുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ ഗോവണ്ടിയിലെ ശിവാജി നഗറിൽ വെച്ച് പൊലീസ് ഇവരെ പിടികൂടി.
ഒമ്പത് മാസം മുമ്പാണ് 21 കാരിയായ യുവതി ഐഷയെ പരിചയപ്പെടുന്നത്. താൻ ടെലിവിഷൻ സീരിയലുകളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് ജോലി വാഗ്ദാനം ചെയ്തതെന്ന് യുവതി മൊഴി നൽകി. ഒരു വധുവിന്റെ വേഷം ഉണ്ടെന്നും അത് ലഭിക്കാൻ രാജസ്ഥാനിൽ പോയാൽ മതിയെന്നും ഐഷ യുവതിയോട് പറഞ്ഞതായും മികച്ച പ്രകടനം നടത്തിയാൽ 20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു